Advertisement

എം.ടി. വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി; പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

July 15, 2020
Google News 1 minute Read
Pinarayi Vijayan, mt vasudevan nair, birthday

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 87-ാം പിറന്നാള്‍ ആഘോഷിക്കുന്ന എം.ടിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവന്‍ നായരെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാന്‍ നമുക്ക് സാധിക്കില്ല. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ ആണ് എം.ടിയുടേത് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റേയും മതേതരമൂല്യങ്ങളുടേയും വക്തവായ എം.ടി., വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി കൂടിയാണ്. എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും പ്രചോദനമാണെന്നും മുഖ്യമന്ത്രി ആശംസക്കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവന്‍ നായര്‍. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാന്‍ നമുക്ക് സാധിക്കില്ല. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ ആണ് അദ്ദേഹത്തിന്റേതായുള്ളത്. തന്റെ കൃതികളിലൂടെ സമൂഹത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ്. ജനാധിപത്യത്തിന്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി കൂടിയാണ്. എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും പ്രചോദനമാണ്.

ഇന്ന് 87ആം പിറന്നാളാഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. ഒരിക്കല്‍ കൂടെ പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വം ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

Story Highlights Pinarayi Vijayan, mt vasudevan nair, birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here