കൊവിഡ് വാക്‌സിൻ; മനുഷ്യനിലെ പരീക്ഷണം എങ്ങനെ ? ഇന്ത്യയിലെ പരീക്ഷണ ഘട്ടങ്ങളെ കുറിച്ച് അറിയാം [24 Explainer]

ലോകം കൊറോണാ പിടിയിലമർന്നിരിക്കുകയാണ്. 5,86,821 പേരുടെ ജീവനെടുത്ത കൊവിഡ് മാഹാമാരിയെ തുരത്താനുള്ള വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കോടിക്കണക്കിന് വരുന്ന ലോകജനത. അതിനിടെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീശി ലോകത്തിന്റെ നാനാ ദിക്കുകളിൽ വാക്‌സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന വാർത്ത നമുക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. ഒപ്പം ലോക ആരോഗ്യരംഗത്തിന്റെ നെറുകയിൽ ഇന്ത്യ മറ്റൊരു നാഴിക്കക്കല്ല് തീർക്കാനൊരുങ്ങുന്നു എന്ന അഭിമാനവും.
വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് നാം പലപ്പോഴായി കേൾക്കാറുണ്ട് ഘട്ടങ്ങൾ നീളുന്ന പരീക്ഷണത്തെ കുറിച്ച്. എന്നാൽ എങ്ങനെയാണ് പരീക്ഷണം നടക്കുന്നത് ? ക്ലിനിക്കൽ ട്രയൽ റെജിസ്ട്രി ഇന്ത്യയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വാക്‌സിന്റെ ക്ലിനിക്കൽ പഠനത്തിനായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഇൻക്ലൂഷൻ. രണ്ടാമത്തേത് എക്‌സ്‌ക്ലൂഷൻ.
ആദ്യ ഘട്ടം- ഇൻക്ലൂഷൻ
ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിന് തയാറായവരിൽ നിന്ന് പൂർണ ആരോഗ്യവാനായ പുരുഷന്മാരെയും പൂർണ ആരോഗ്യവതികളായ (ഗർഭിണിയല്ലാത്ത, മുലയൂട്ടാത്ത) സ്ത്രീകളെയും തെരഞ്ഞെടുക്കും. 18 വയസിനും 55 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കും ഇവർ. പരീക്ഷണത്തിന് തയാറായ വോളണ്ടിയർമാർ ശാസ്ത്രജ്ഞർ പറയുന്നത് അനുസരിക്കണം. തുടർ പഠനത്തിനായി ഹാജരാവുകയും വേണം.

0-84 ദിവസം വരെയാണ് ആദ്യ ഘട്ടം. കുത്തിവയ്പ്പിലൂടെ വാക്‌സിൻ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. കൊവിഡ് വാക്‌സിൻ എത്രമാത്രം സുപര്ഷിതമാണെന്നാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
രണ്ടാം ഘട്ടം- എക്‌സ്‌ക്ലൂഷൻ
ഈ ഘട്ടത്തിലെ വോളണ്ടിയർമാരാവുക 12 വയസിന് മുകളിലുള്ള മനുഷ്യരാണ്. സ്ത്രീയോ പുരുഷനോ ആകാം. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ട് മാത്രമേ വാക്‌സിന് പരീക്ഷണത്തിനുള്ള വോളണ്ടിയറായി തെരഞ്ഞെടുക്കുകയുള്ളു.
ഈ വോളണ്ടിയർമാർക്ക് 38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീര താപനില ഉണ്ടാകാൻ പാടില്ല. നാല് ആഴ്ചകളായി യാതൊരുവിധ അണുബാധയും ഉണ്ടായിരിക്കരുത്. കൊവിഡ് ഒരിക്കൽ സ്ഥിരീകരിച്ചവരാകരുത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കഴിഞ്ഞ 14 ദിവസമായി സമ്പർക്കമുള്ളവരാകരുത്. സാർസ്, എംആആർഎസ് എന്നീ രോഗങ്ങൾ ഉണ്ടായ വ്യക്തിയായിരിക്കരുത്. കൊവിഡ് വാക്‌സിന് പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ള വ്യക്തിയായിരിക്കരുത്. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി വൈറസ് എന്നിവയുണ്ടായ വ്യക്തിയായിരിക്കരുത്. ദിനംപ്രതി സിഗരറ്റ് വലിച്ചിരുന്ന വ്യക്തി ആയിരിക്കരുത്.
രണ്ടാംഘട്ട പരീക്ഷണത്തിന്റെ ദിവസം 0-224 ദിവസം വരെയാണ്. കുത്തിവയ്പ്പിലൂടെ തന്നെയാണ് രണ്ടാംഘട്ടത്തിലും കൊവിഡ് വാക്‌സിൻ ശരീരത്തിലേക്ക് കടത്തി വിടുന്നത്. വാക്‌സിന്റെ പ്രതിരോധ ശേഷിയാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
Read Also : ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു
ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്.
2019 ഡിസംബർ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മനുഷ്യരാശിയെ തകർക്കുന്ന മഹാമാരിയായി ഇത് രൂപംകൊള്ളുകയായിരുന്നു. ഇതുവരെ 13,690,219 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. അമേരിക്കയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധയേറ്റിരിക്കുന്ന രാജ്യം. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.
Story Highlights – covid vaccine trial steps india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here