Advertisement

‘കെമിസ്ട്രിക്ക് ജസ്റ്റ് പാസ്’ ജീവിതത്തിൽ ആരാവണമെന്ന് തീരുമാനിക്കുന്നത് പ്ലസ് ടു മാർക്കല്ല; തന്റെ സ്കോര്‍ കാര്‍ഡ് പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

July 16, 2020
Google News 2 minutes Read
ias officer about plus two mark

പ്ലസ് ടു റിസൾട്ട് പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. റിസൾട്ട് വരുന്നത് വരെ അതിന്റെ ടെൻഷൻ, അതിന് ശേഷം കിട്ടിയ റിസൾട്ട് വച്ച് ഏത് കോഴ്‌സിന് ചേരുമെന്നതിനെ കുറിച്ചുള്ള ടെൻഷൻ…. അങ്ങനെ ആകപ്പാടെ മാനസിക സമ്മർദത്തിലായിരിക്കും വിദ്യാർത്ഥികളും വീട്ടുകാരും. തങ്ങളുടെ ഭാവി ജീവിതം തീരുമാനിക്കുന്നത് ഈ മാര്‍ക്കുകളാണെന്നായിരിക്കും ഓരോ വിദ്യാര്‍ത്ഥിയുടെയും മനസില്‍. മാര്‍ക്ക് കുറഞ്ഞതിനാല്‍ മാനസികമായി തളര്‍ന്നവരും ഉണ്ടാകും.

ഈ സമയത്ത് ഒരു ഐഎഎസുകാരൻ തന്റെ പ്ലസ് ടു പരീക്ഷയുടെ സ്‌കോർ കാർഡ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. നിതിൻ സംഗ്വാൻ എന്ന ഐഎഎസ് ഓഫീസറാണ് തന്റെ വളരെ കുറവ് മാർക്കുകളോട് കൂടിയ പ്ലസ് ടു മാർക്ക് ലിസ്റ്റ് പങ്കുവച്ച് ഇതൊന്നും അല്ല ജീവിതം തീരുമാനിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ കെമിസ്ട്രിയുടെ മാർക്ക് ചുവപ്പ് നിറത്തിൽ വട്ടമിട്ട് കാണിച്ചിട്ടുമുണ്ട്. 24 മാർക്കാണ് സംഗ്വാൻ കെമിസ്ട്രിയിൽ നേടിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തീരുമാനിക്കപ്പെട്ടത് പ്ലസ് ടു മാർക്കിലൂടെ അല്ലെന്നും അദ്ദേഹം റിപ്പോർട്ട് കാർഡിന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

Read Also : ഹേമമാലിനിയെ ശ്വസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വ്യാജവാർത്ത [24 fact check]

സംഗ്വാന്റെ കുറിപ്പ്- ‘ 12ാം ക്ലാസ് പരീക്ഷയിൽ എനിക്ക് കെമിസ്ട്രിയിൽ 24 മാർക്കാണ് ലഭിച്ചത്. പാസ് മാർക്കിൽ നിന്നും വെറും ഒരു മാർക്കിന്റെ വ്യത്യാസം. പക്ഷേ എനിക്ക് എന്താണ് ജീവിതത്തിൽ ആവശ്യം ആയതെന്ന് ഈ മാർക്കിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിച്ചത്. കുട്ടികളെ മാർക്കിന്റെ ഭാരം അടിച്ചേൽപ്പിക്കരുത്. ജീവിതം ബോർഡ് പരീക്ഷകളെക്കാൾ വലുതാണ്. വിമർശനത്തിനല്ല, ആത്മപരിശോധനയ്ക്കുള്ള അവസരങ്ങളാകട്ടെ പരീക്ഷാ ഫലങ്ങൾ.’

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ സിംഗ്വാന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തു. വളരെ ശക്തമായതും അത്യാവശ്യവുമായ സന്ദേശമെന്നാണ് സിസോദിയ ഈ ട്വീറ്റിനെ വിശേഷിപ്പിച്ചത്. കുടുംബങ്ങളെ മാർക്കുകൾ സന്തോഷിപ്പിക്കുകയോ സങ്കടപ്പെടുത്തുകയോ ചെയ്യുന്ന, ഫലം പുറത്ത് വരുന്ന ദിവസം തന്നെയാണ് അദ്ദേഹം അത് പുറത്തുവിട്ടത്. ജീവിതം ആത്മവിശ്വാസത്തിലും ധൈര്യത്തിലും ആണ് നിലകൊള്ളുന്നത്. അല്ലാതെ പരീക്ഷാഫലം വിജയവും പരാജയവും നിർണയിക്കുന്നില്ലെന്നും സിസോദിയ ട്വീറ്റിൽ പറഞ്ഞു.

Story Highlights nitin sangwan, ias officer, plus two result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here