യാത്രക്കിടെ വീട് സന്ദർശിച്ച് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ജോഫ്ര ആർച്ചർ ടീമിനു പുറത്ത്

jofra archer England team

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് യുവ പേസർ ജോഫ്ര ആർച്ചർ പുറത്ത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്നാണ് താരത്തെ പുറത്താക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് താരം പുറത്തായത്.

Read Also : അനായാസം വിൻഡീസ്; ജയം 4 വിക്കറ്റിന്

ആദ്യ ടെസ്റ്റ് വേദിയയിരുന്ന സതാംപ്‌ടണിൽ നിന്ന് രണ്ടാമത്തെ ടെസ്റ്റ് വേദിയായ മാഞ്ചസ്റ്ററിലേക്ക് പോകുന്ന വഴി ബ്രൈറ്റണിലെ തൻ്റെ വീട്ടിൽ സന്ദർശനം നടത്തിയതാണ് ആർച്ചറിനു തിരിച്ചടിയായത്. പല കാറുകളിലായാണ് ഇംഗ്ലണ്ട് ടീം മാഞ്ചസ്റ്ററിലേക്ക് തിരിച്ചത്. 30 മൈല്‍ നീണ്ട യാത്രയില്‍ കാര്‍ എവിടേയും നിര്‍ത്തരുത് എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളോട് നിര്‍ദേശിച്ചിരുന്നു. ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന പമ്പുകളില്‍ നിന്ന് മാത്രമേ ഇന്ധനം നിറക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചിരുന്നു. ഇതാണ് ആർച്ചർ ലംഘിച്ചത്. ഇനി 5 ദിവസം ആർച്ചർ ഐസൊലേഷനിൽ കഴിയണം. മൂന്നാം ടെസ്റ്റിനു മുന്നോടിയായി രണ്ട് തവണ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും വേണം. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്ന് ആർച്ചർ ക്ഷമ ചോദിച്ചു.

മഴ മൂലം വൈകിയാണ് രണ്ടാം മത്സരത്തിൻ്റെ ടോസ് നടന്നത്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിം തിരഞ്ഞെടുത്തു. ഇന്ന് 83 ഓവറുകളായിരിക്കും എറിയുക. വിൻഡീസ് ടീമിൽ മാറ്റങ്ങളില്ല. ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റൻ ജോ റൂട്ട് മടങ്ങിയെത്തി. സ്റ്റുവർട്ട് ബ്രോഡ്, സാം കറൻ, ക്രിസ് വോക്സ് എന്നിവരും ഇന്ന് കളിക്കും. ജെയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ജോ ഡെൻലി എന്നിവരാണ് പുറത്തു പോയത്.

Read Also : ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര: ടോസിനിടെ ഹസ്തദാനം ചെയ്ത് ഹോൾഡർ; അബദ്ധം മനസ്സിലാക്കി ചിരി: വീഡിയോ

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 0-1നു മുന്നിലാണ്. ആദ്യ ടെസ്റ്റിൽ 4 വിക്കറ്റിനാണ് വിൻഡീസ് ജയിച്ചത്. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിൻ്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ആദ്യ ടെസ്റ്റിൽ അവർ സ്വന്തമാക്കിയത്. 95 റൺസെടുത്ത ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് വിൻഡീസ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

Story Highlights jofra archer out from England team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top