പാനൂർ പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

panoor case culprit bail

കണ്ണൂരിലെ പാനൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജനു ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

നിസാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് റിമാൻഡ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Read Also : പാനൂർ പീഡനക്കേസ്; പോക്സോ വകുപ്പുകൾ ഇല്ലാതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കുട്ടിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചു എന്ന് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ ഇപ്പോൾ പോക്സോ വകുപ്പുകൾ ചുമത്താൻ കഴിയില്ല. പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്തി ലൈംഗിക ഉപദ്രവം തെളിഞ്ഞാൽ പോക്സോ വകുപ്പ് ചുമത്തും.

പെൺകുട്ടിയെ പത്മരാജൻ സ്കൂൾ ശുചിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് പൊയിലൂരിലെ ഒരു വീട്ടിൽ കൊണ്ടു പോയി മറ്റൊരാൾക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് പരാതി. ആദ്യ ഘട്ടത്തിൽ അലസ സമീപനം സ്വീകരിച്ചിരുന്ന പൊലീസ് കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനു ശേഷം ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top