Advertisement

പകരക്കാരനില്ലാത്ത ഒരേയൊരു ജോഷി സാറിന് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീനാഥ്

July 19, 2020
Google News 1 minute Read

നരസിംഹ മന്നാഡിയാരും ജികെയും ആന്റണിയും മുള്ളൻകൊല്ലി വേലായുധനും ചാക്കോച്ചിയും വാളയാർ പരമശിവവുമടക്കം ആസ്വാദനത്തിന്റെ വ്യത്യസ്ത പരിവേഷങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകൻ ജോഷിയ്ക്ക് ആശംസകൾ നേർന്ന് പിന്നണി ഗായകൻ ശ്രീനാഥ് ശിവശങ്കരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീനാഥ് ആശംസകൾ നേർന്ന് രംഗതെത്തിയത്. ‘മലയാള സിനിമ ബഹുമാനിക്കുന്ന അമരത്തിരിക്കുന്ന ഒരുപാട് വ്യക്തികൾക്കു ഗുരുതുല്യനായ ജോഷി സാർ… മലയാള സിനിമയുടെ കൊമേർഷ്യൽ തലങ്ങളിൽ ആക്ഷനും ഡ്രാമയും വികാരങ്ങളും കഥയും കോർത്തിണക്കി എവെർടൈം സൂപ്പർഹിറ്റുകൾ സമ്മാനിച്ച പകരക്കാരനില്ലാത്ത ഒരേ ഒരു ജോഷി സാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ’… ശ്രീനാഥ് ഫേസ് ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനതെത്തിയ ശ്രീനാഥ് മികച്ച പെർഫോമറായും ശ്രദ്ധ നേടിയിട്ടുണ്ട്. മമ്മൂട്ടിച്ചിത്രമായ ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ശിവശങ്കരൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ജോഷി സർ എന്ന അത്ഭുതം “

എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് എന്നെ കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത് .

“Directed by joshiy “
സിനിമ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടക്കുന്ന സമയം കൊട്ടകയിലും അവിടെ കാണാൻ ഭാഗ്യം ലഭിക്കാത്ത സിനിമകൾ ടെലിവിഷനിൽ കണ്ടപ്പോഴും നരസിംഹ മന്നാഡിയാരും ,
ജി കെയും ,ആന്റണിയും ,മുള്ളൻകൊല്ലി വേലായുധനും ,ചാക്കോച്ചിയും ,വാളയാർ പരമശിവവുമടക്കം ഇനിയും എത്രയോ അധികം നായക പരിവേഷത്തിന്റെ പരമോന്നതിയിൽ എത്തിച്ച ഒട്ടനേകം കഥാപാത്രങ്ങൾ മനസ് കീഴടക്കാൻ കാരണക്കാരനായ ചുക്കാൻ പിടിച്ച ഈ പേര് കാണുമ്പോ കിട്ടിയ ഒരു ആവേശത്തിനും അനുഭവങ്ങൾക്കും ഇന്നും തെല്ലും മങ്ങലേറ്റിട്ടില്ല ..എനിക്കെന്നല്ല എല്ലാ കൊമേർഷ്യൽ സിനിമാസ്വാദകരുടെയും അവസ്ഥ മറ്റൊന്നല്ല എന്നുറപ്പ് .

മറ്റുള്ളവരെ പോലെ അഭിമുഖങ്ങൾക്കോ അവാർഡ് നിശകൾക്കോ കാണാൻ കഴിയാത്ത ഈ മനുഷ്യനെ കാണാൻ സാധിക്കുന്നത് ഏതെങ്കിലും പുതിയ സിനിമയുടെ ഓഡിയോ റിലീസിലോ പൂജയിലോ ആയിരിക്കും . അത് അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും അദ്ദേഹത്തെ ഇഷ്ടപെടുന്നവർക്കും അദ്ദേഹം കൊടുക്കുന്ന മര്യാദയാണ് സ്നേഹമാണ് . സിനിമ ഇഷ്ടപെടുന്ന ഏതൊരു വ്യക്തിയെയും പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട് മലയാള സിനിമയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ജോഷി സർ എന്ന ബ്രാൻഡിനെ കാണാൻ .

എനിക്ക് ആദ്യമായി സംഗീതം ചെയ്യാൻ അവസരം ലഭിച്ച മമ്മുക്കയുടെ കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ഓഡിയോ റിലീസിനും പൂജക്കും ഞാൻ അദ്ദേഹത്തെ ദൂരെ നിന്നും കണ്ടു . കേട്ടറിവുകളിലൂടെയുള്ള ഒരു പേടിയോ എന്തോ എനിക്ക് അദ്ദേഹത്തിലേക് എത്താൻ കഴിഞ്ഞില്ല . ഇടിച്ചുകയറി പരിചയപ്പെടാനുള്ള കഴിവ് എനിക്ക് എന്നും പൊതുവെ അന്യമാണ് .
പക്ഷെ കാണണം എന്ന ആഗ്രഹം ശക്തമായപ്പോൾ ഞാൻ അദ്ദേഹത്തിന്റെ നന്പർ സംഘടിപ്പിച്ചു ..ആ നമ്പരിൽ വിളിക്കാൻ ധൈര്യമില്ലാതെ കൊറേ ദിവസം പോയി . കാരണം ഒരുപാട് സംവിധായകരെയും മറ്റു സിനിമക്കാരെയും വിളിച്ച എന്റെ കുറെയേറെ അനുഭവങ്ങൾ എടുക്കാത്ത ഫോൺ കാളുകളിലും മറുപടി ഇല്ലാത്ത മെസ്സേജുകളിലും ഒതുങ്ങിയ അനുഭവങ്ങൾ എന്നെ പുറകോട്ടു വലിച്ചു കൊണ്ടിരുന്നു . ഒടുവിൽ ധൈര്യം സംഭരിച്ചു ഒരു ദിവസം ഞാൻ രണ്ടും കല്പിച്ചു വിളിച്ചു .
പതിവുപോലെ ആ കാളും ഫുൾ റിങ് ചെയ്ത് കട്ട് ആയി…ഒരു മെസ്സേജ് അയച്ചിട്ടേക്കാം എന്നു കരുതി ഞാൻ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ എനിക്ക് അത്ഭുതം സമ്മാനിച്ച് കൊണ്ട് ആ നമ്പറിൽ നിന്നും എനിക്ക് തിരിച്ചു വിളി വന്നു ..☺
ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തിയപ്പോൾ
അദ്ദേഹം ശാന്തമായി പറഞ്ഞു എനിക്ക് നീ ചെയ്ത പാട്ടുകൾ ഇഷ്ടമാണ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് . അപ്പോൾ ഞാൻ ചോദിച്ചു സാറിനെ ഒന്നു വന്നു കാണട്ടെ എന്നു .. അദ്ദേഹം ഒരു മടിയുമില്ലാതെ എന്നോട് ഒരു ടൈം പറഞ്ഞു .
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .
എനിക്കുണ്ടായ രണ്ടാമത്തെ അത്ഭുതം അദ്ദേഹം തൊട്ടടുത്ത ദിവസം എന്നെ ഇങ്ങോട് വിളിച്ചു “ഡേറ്റ് ഒന്നു മാറ്റണം മോനെ എനിക്ക് പെട്ടെന്നൊരു തിരക്ക് വന്നു അത് കൊണ്ടാണ്”
എന്നു പറഞ്ഞു വേറൊരു സമയം പറഞ്ഞു എന്നതാണ് .
ഒരാളോട് പറഞ്ഞ ഒരു വാക്ക് ഓർത്തു അദ്ദേഹം കാണിച്ച പ്രൊഫഷണലിസം ആണ് എന്നിൽ അത്ഭുതം ഉണ്ടാക്കിയത് .
എന്നെ ചിന്തിപ്പിച്ച കാര്യം ഒരുപാട് പേർക്ക് അന്യം നിന്ന് പോയ മര്യാദകൾ ഒരു ജടായുമില്ലാതെ അദ്ദേഹം അതിന്റെ ഏറ്റവും മാന്യമായ രീതിയിൽ ചെയുന്നു എന്നതിലായിരുന്നു .
അദ്ദേഹത്തെ ഞാൻ കണ്ടു ..എന്നോട് കുറെകാര്യങ്ങൾ അദ്ദേഹം ചോദിച്ചു, സിനിമയുടെ പാരമ്പര്യവും പേര് കേട്ടതുമായ ഒരു കോളേജിലെ പ്രിൻസിപ്പലിന്റെ റൂമിൽ ഇരിക്കുന്ന ജൂനിയറിന്റെ ഫസ്റ്റ് ഡേ അവസ്ഥയായിരുന്നു എന്റെ മനസ് നിറയെ.. പക്ഷെ അദ്ദേഹം ഏറ്റവും ഫ്രണ്ട്‌ലി ആയി സംസാരിച്ചു . മാന്യമായ,അനുഭവമായ നല്ലൊരു മീറ്റിംഗ് .

ആ സമയം ഞാൻ ചോദിച്ചു “സർ എനിക്ക് അറിയേണ്ട ഒരു കാര്യം അങ്ങേക്ക് എങ്ങനാണ് എന്നെപ്പോല ഒരു ചെറുപ്പക്കാരനോട്, ഒരുപാട് പരിചയങ്ങളോ പാരമ്പര്യങ്ങളോ ഇല്ലാത്ത ഒരാളോട് വളരെ പ്രൊഫഷണൽ ആയും ലാളിത്യത്തോടെയും പെരുമാറാൻ സാധിക്കുന്നത് ?” കാരണം ഞാൻ കണ്ടിട്ടുള്ളതിൽ വിരലിൽ എണ്ണാവുന്ന ആളുകളാണ് ഈ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതായ് എന്റെ അനുഭവങ്ങളിൽ ഉണ്ടായിട്ടുള്ളത് . അങ്ങ് ജോഷി ആണ് . മലയാള സിനിമ ബഹുമാനിക്കുന്ന അമരത്തിരിക്കുന്ന ഒരുപാട് വ്യക്തികൾക്കു ഗുരുതുല്യനായ മനുഷ്യനാണ് . അത് കൊണ്ട് തന്നെ അങ്ങ് എങ്ങനെ പെരുമറിയാലും ആളുകൾ സഹിക്കും .
അപ്പോൾ അദ്ദേഹം ഒരു ചെറിയ ചിരിയോടു കൂടെ പറഞ്ഞു ..
“ഞാൻ ആര് വിളിച്ചാലും ഫോൺ എടുക്കും ആര് മെസ്സേജ് ചെയ്താലും ശ്രദ്ധിക്കും ,ആര് കാണണം എന്നു പറഞ്ഞാലും അവരെ കാണും . അങ്ങനെ ചെയ്യാറുണ്ട് .”
മറ്റുള്ളവർ പറഞ്ഞറിഞ്ഞ പേടി ആയിരുന്നില്ല അപ്പോഴെനിക്ക്
മറിച് ..ആ നിമിഷം മനസ്സ് നിറയെ ഇരട്ടിയായ ആരാധനയും സ്നേഹവും ബഹുമാനവുമായിരുന്നു ?

ജോഷി എന്ന സംവിധായകന്റെ പേര് തിരശീലയിൽ കാണുമ്പോൾ കിട്ടിയതിന്റെ നാലിരട്ടി ആവേശവും കരഘോഷങ്ങളും അന്നെന്റെ മനസ്സിൽ ഇരമ്പി . കാരണം അത് ജോഷി സർ എന്ന മനുഷ്യനോടായിരുന്നു . മലയാള സിനിമയുടെ കൊമേർഷ്യൽ തലങ്ങളിൽ ആക്ഷനും ഡ്രാമയും വികാരങ്ങളും കഥയും കോർത്തിണക്കി എവെർടൈം സൂപ്പർഹിറ്റുകൾ സമ്മാനിച്ച പകരക്കാരനില്ലാത്ത ഒരേ ഒരു ജോഷി ?സാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ?
കാരണം ആ പേരിനു അന്തസ്സ് എന്നൊരു അർത്ഥം കൂടെയുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here