Advertisement

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ സഹായ പദ്ധതിയുമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍

July 22, 2020
Google News 1 minute Read
loan

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) വായ്പാ സഹായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തിയ വെബിനാറില്‍ തീരുമാനിച്ച കാര്യങ്ങള്‍ ഉത്തരവിറക്കാന്‍ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, കോര്‍പറേറ്റ് കമ്പനികള്‍ അല്ലെങ്കില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡറുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒന്‍പതു ശതമാനം പലിശയ്ക്ക് ഓര്‍ഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ കെഎഫ്‌സിയില്‍ നിന്നും വായ്പ ലഭിക്കും. എസ്‌ക്രൂ അക്കൗണ്ടു വഴി പണം തിരിച്ചടയ്ക്കണമെന്നു മാത്രം. ഒരു ജാമ്യവും ആവശ്യമില്ല. ഐടി സെക്രട്ടറി ചെയര്‍മാനായുള്ള ഒരു വിദഗ്ദ കമ്മിറ്റി പ്രോജക്ട് പരിശോധിച്ച് അംഗീകരിച്ചാല്‍ പിന്നെ പണം ലഭ്യമാകാന്‍ കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

ഒരു നൂതന പ്രോട്ടോടൈപ്പ് ഉത്പന്നങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവ വിപുലീകരിക്കുന്നതിന് മേല്‍പ്പറഞ്ഞ കമ്മിറ്റി ശുപാര്‍ശ ചെയ്താല്‍ കെഎഫ്‌സി ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കും. ഇതിനു ഗ്യാരണ്ടി നല്‍കാന്‍ 25 കോടി രൂപയുടെ പ്രത്യേക നിധിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതിനു തീരുമാനിച്ചു.

സെബി അക്രെഡിറ്റേഷനുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐറ്റി കമ്പനിയാണെങ്കില്‍ അഞ്ച് കോടി രൂപ വരെ വായ്പയായി ലഭിക്കും. ഇവയ്‌ക്കെല്ലാം രണ്ട് ശതമാനം പലിശ ഇളവ് ഉണ്ടാകും. ഫണ്ടിംഗ് ആന്‍ഡ് എന്റര്‍പ്രൈസസ് എന്ന ഐറ്റി ബജറ്റ് ഹെഡ്ഡില്‍ നിന്നാണ് ഇവയ്ക്ക് പണം കണ്ടെത്തുക. ഈ പദ്ധതിക്കായി 500 കോടി രൂപ വരെ ഇത്തരത്തില്‍ കെഎഫ്‌സി വായ്പ കമ്പോളത്തില്‍ നിന്നും എടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights Kerala Financial Corporation loan assistance for startups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here