Advertisement

രോഗമുക്തി നിരക്കിൽ കേരളം പുറകിലാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്മേലുള്ള ഗവേഷണം നടക്കട്ടെ; മുഖ്യമന്ത്രി

July 22, 2020
Google News 2 minutes Read

രോഗമുക്തി (റിക്കവറി) നിരക്കിൽ കേരളം പുറകിലാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം നടക്കട്ടെ. എന്നാൽ, യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷ നേതാവിന് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രത്യേകതകൾ മനസിലാക്കാൻ സാധിക്കുന്നുണ്ടാകില്ല.

കൊവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാചാർജ് ചെയ്യാം. ഭേദമായി എന്ന് രേഖപ്പെടുത്തി ഡിസ്ചാർജ് ചെയ്തു വിടുകയാണ്. കേരളമൊഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. കേരളം അങ്ങനെയല്ല. നാം ആദ്യം സ്വീകരിച്ചിരുന്ന രീതിയനുസരിച്ച് ടെസ്റ്റ് രണ്ടു തവണ നെഗറ്റീവ് ആയതിനു ശേഷമാണ് രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നത്.

ഇംഗ്ലണ്ടിൽ നിന്നു വന്ന ആറന്മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാർജ് ചെയ്ത വാർത്ത മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. 41 ദിവസങ്ങളാണ് അദ്ദേഹത്തെ നമ്മൾ ആശുപത്രിയിൽ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ്19 മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങൾക്ക് ശേഷമാണ്. ഇത്തരത്തിൽ നിരവധി വാർത്തകൾ വന്നതാണ്. നാം അങ്ങനെയാണ് ചെയ്തത്.

ഇന്നലെ പ്രസിദ്ധീകരിച്ച ആരോഗ്യ വകുപ്പിന്റെ പുതുക്കിയ ഗൈഡ്‌ലൈനിലും ലക്ഷണങ്ങളില്ലാത്ത കേസുകളിലും ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രമേ ഡിസ്ചാർജ് അനുവദിക്കുകയുള്ളൂ. പോസിറ്റീവ് ആകുന്നവർക്ക് ഡിസ്ചാർജ് ഉണ്ടാകില്ല. നമ്മൾ മുന്നിലാണെന്ന് കാണിക്കാൻ വേണമെങ്കിൽ കേന്ദ്രത്തിന്റെ ഡിസ്ചാർജ് പോളിസി നമുക്ക് അതേപടി പിന്തുടരാമായിരുന്നു.

എന്നാൽ, സമൂഹത്തിന്റെ സുരക്ഷ പഴുതടച്ച് ഉറപ്പുവരുത്താനും രോഗവ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രം ഡിസ്ചാർജ് എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. കണക്കുകളിൽ ഒന്നാം സ്ഥാനത്തെത്തുക എന്നതല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

രോഗവ്യാപനത്തോത് കേരളത്തിൽ കൂടുതൽ ആണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണം മിക്ക പ്രദേശങ്ങളേക്കാളും കുറവായിരുന്നു എന്ന് നമ്മളോർക്കണം. പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസങ്ങൾ പോലും നമുക്കുണ്ടായിരുന്നു. അങ്ങനെയുള്ള അവസ്ഥയിൽ നിന്നും പെട്ടെന്ന് രോഗികളുടെ എണ്ണം കൂടുമ്പോൾ നിരക്കും സ്വാഭാവികമായി കൂടും.

ഉദാഹരണമായി പത്ത് ഇരുപതാകുമ്പോൾ 100 ശതമാനമാണ് വർധനവിന്റെ നിരക്ക്. എന്നാൽ, 1000 രോഗികളുള്ളിടത്ത് 1500 രോഗികളുണ്ടാകുമ്പോൾ വർധനവിന്റെ നിരക്ക് 50 ശതമാനമേയുള്ളൂ. നിരക്ക് മാത്രം നോക്കുകയാണെങ്കിൽ 200 രോഗികൾ ഉള്ള സ്ഥലത്താണ് 1500 രോഗികൾ ഉള്ളിടത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമെന്നു തോന്നും. എന്നാൽ യാഥാർഥ്യമതാണോ? തീർത്തും ലളിതമായ ഈ യുക്തി മനസിലാകാത്തതു കൊണ്ടാണ് രോഗവ്യാപനത്തോതെടുത്ത് വച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാൻ പലരും ആവേശം കാണിക്കുന്നത്.

ഇന്നലെ 720 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 8336 പേർക്കും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ 4965 പേർക്കും കർണാടകയിൽ 3496 പേർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്താകമാനം 37,724 പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ 720 മാത്രമാണ് കേരളത്തിൽ നിന്നുണ്ടായത്. കേരളത്തിൽ മൂന്നാം ഘട്ടത്തിൽ പടിപടിയായി രോഗികളുടെ എണ്ണം കൂടി വന്നിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിലുള്ള ഏത് കണക്കെടുത്താലും കൊവിഡ്-19 സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമുള്ള വ്യാപനം താരതമ്യേന കുറവാണ്.

സങ്കീർണമായ സ്ഥിതിവിശേഷമാണ് ഒരു പാൻഡമിക് സൃഷ്ടിക്കുന്നത്. ഒരുപാട് ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കുന്നു. നിരവധി സങ്കേതങ്ങളിലൂടെയാണ് വിദഗ്ധർ ഇത്തരം സ്ഥിതി വിശേഷങ്ങളെ വിശദീകരിക്കുന്നത്. വിമർശനങ്ങളുമായി വരുന്നവർ അവ എന്തെന്നു മനസിലാക്കാനുള്ള ആത്മാർത്ഥമായ ശ്രമം കൂടെ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

പൊലീസിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിങ് റെയ്ഞ്ച് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെന്ററായി ഉപയോഗിക്കാൻ വിട്ടുനൽകും. കൊവിഡ് ബാധിതരാകുന്ന പൊലീസ്, ആരോഗ്യപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ എന്നിവർക്ക് വേണ്ടിയാണ് ഈ കേന്ദ്രം ഉപയോഗിക്കുക. പൊലീസ് വകുപ്പിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. 50 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടാകുക.

Story Highlights – Leader of the Opposition, Kerala, is lagging behind in the cure rate; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here