Advertisement

രണ്ടര വർഷത്തിനു ശേഷം ആർദ്ര ബാബുവിന് ലാപ്പ്ടോപ്പ്; ഇത് തങ്ങളുടെ അവകാശമെന്ന് സഹോദരി അനഘ ബാബു

July 23, 2020
Google News 2 minutes Read
anagha ardra laptop

രണ്ടര വർഷത്തെ പോരാട്ടത്തിനു ശേഷം ദളിത് വിദ്യാർത്ഥിനി ആർദ്ര ബാബുവിന് ലാപ്പ്ടോപ്പ് ലഭിച്ചു. ലാപ്പ്ടോപ്പിനായി തങ്ങൾ നടത്തിയ പോരാട്ടവും നേരിട്ട അപമാനങ്ങളും നേരത്തെ അനഘ ബാബു തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സമൂഹമാധ്യമങ്ങളിൽ സംഭവം ഏറെ ചർച്ചയാവുകയും നടപടി ഉണ്ടാവുകയുമായിരുന്നു. ഇപ്പോൾ ലഭിച്ച ലാപ്പ്ടോപ്പ് തങ്ങൾക്ക് അർഹതപ്പെട്ട അവകാശമാണെന്ന് അനഘ പറയുന്നു. നേടിയെടുത്തത് കേവലമൊരു ലാപ്പ് ടോപ്പല്ല. ഈ രാജ്യത്ത് അന്തസ്സോടെ ജീവിയ്ക്കാനുള്ള തങ്ങളുടെ അവകാശത്തെയാണ്. ലാപ്ടോപ്പുമായി തങ്ങൾ കയറികിടക്കുന്നത് ചോർന്നൊലിക്കുന്ന, പണി തീരാത്ത വീട്ടിലാണ്. ഒരു അംബേദ്ക്കറെറ്റ് എന്ന നിലയിൽ ഞാൻ എന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഹൈക്കോടതി ഉത്തരവിന്റെ പുറത്തും പൊതു സമൂഹത്തിന്റെ ചേർത്തു നിൽപ്പിലും നേടിയെടുത്തു എന്നും അനഘ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Read Also : കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമ്മേളനം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി; സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും മറുപടി

അനഘ ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ, രണ്ടര വർഷത്തിനുശേഷം എന്റെ അനിയത്തിയ്ക്ക് ഇന്ന് ലാപ്പ്ടോപ്പ് ലഭിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ട ഞങ്ങളുടെ അവകാശമാണീ ലാപ്പ്ടോപ്പ്. പണ്ട് പള്ളിക്കൂടങ്ങളിൽ നിന്ന് ഞാനുൾപ്പെടുന്ന ജനതയെ കയറ്റാതെ അകറ്റി മാറ്റിയെങ്കിൽ സ്വാതന്ത്ര്യാനന്തര കാലത്ത് സ്കീമുകൾ നടപ്പിലാക്കുന്നതിൽ അനാസ്ഥ കാണിച്ചും വൈകിപ്പിച്ചും അനാവശ്യമായ് നടത്തിപ്പിച്ചുമൊക്കെയാണ് ഞങ്ങളെ പുറത്ത് നിർത്തുന്നത്. അങ്ങനെ പുറത്ത് പോകുവാൻ ഞങ്ങളൊരുക്കമല്ലെന്നും കെട്ടിത്തൂങ്ങി ചാവാനോ കാലുപിടിക്കുവാനോ ഞങ്ങളൊരുക്കമല്ലെന്നും അധികാരികൾ മനസ്സിലാക്കണം. ഞങ്ങളീ മണ്ണിൽ തുല്യനീതിയിൽ ജീവിയ്ക്കും.

ഞങ്ങൾ നേടിയെടുത്തത് കേവലമൊരു ലാപ്പ് ടോപ്പല്ല. ഈ രാജ്യത്ത് അന്തസ്സോടെ ജീവിയ്ക്കാനുള്ള ഞങ്ങളുടെ അവകാശത്തെയാണ്. ഒരു അംബേദ്ക്കറെറ്റ് എന്ന നിലയിൽ ഞാൻ എന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഹൈക്കോടതി ഉത്തരവിന്റെ പുറത്തും പൊതു സമൂഹത്തിന്റെ ചേർത്തു നിൽപ്പിലും നേടിയെടുത്തു.

“ദലിത് കുടുംബത്തിന്റെ കണ്ണീരൊപ്പി “എന്ന നിലയിലുള്ള കദനകഥകൾ ആരും എഴുത്തേണ്ടതിലെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പ്രത്യേക ഇടപ്പെടലിൽ ലാപ്പ്ടോപ്പ് ലഭിച്ചു എന്ന പ്രചാരവും വേണ്ട.ഈ വിഷയത്തിൽ ഉദ്ദ്യോഗസ്ഥരും ജന പ്രതിനിധികളും ഇടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അവരിൽ നിക്ഷിപ്തമായിട്ടുള്ള കർത്തവ്യമാണ്. അവരടക്കം എന്നെ ചേർത്തു നിർത്തിയ ഒരുപാട് മനുഷ്യരുണ്ട്… എനിയ്ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ അഡ്വ പി കെ ശാന്തമ്മ ചേച്ചിയും ദിശയും പ്രിയ കൂട്ടുക്കാരൻ ദിനുവെയിലും മൃദുല ചേച്ചിയും മുതൽ ഒരുപാട് പേർ …. ഓൺലൈൻ മാധ്യമ പ്രവർത്തകർ, മറ്റ് മാധ്യമ പ്രവർത്തകർ ..
.ഒരു പാട് പേർ…. എല്ലാവരോടും സ്നേഹമറിയിക്കുന്നു.
വീട്ടിൽ ഐക്യദാർഢ്യവുമായ് വന്ന ഒരു പാട് സംഘടനകളും വ്യക്തികളുമുണ്ട്. അവരോടെല്ലാം എന്റെ സ്നേഹമുണ്ട്. പക്ഷേ എന്നെ വിളിച്ച ചില ബി ജെ പിക്കാരോട് ഈ രാജ്യത്തെ എന്റെ സഹോദരങ്ങളുടെ ജീവനെടുക്കുന്ന നിങ്ങൾ മേലാൽ വിളിച്ചു പോകരുതെന്നു സൂചിപ്പിച്ചിട്ടുണ്ട്.

ഈ ലാപ്ടോപ്പുമായ് ഞങ്ങൾ കയറികിടക്കുന്നത് ചോർന്നൊലിക്കുന്ന പണി തീരാത്ത വീട്ടിലാണ് . എന്റെ വീട് ഞാൻ ജനിച്ച് ഇക്കാലയളവുവരെ ഇതുപോലെ നിലനിൽക്കുന്നത് ഞങ്ങളുടെ തെറ്റ് കൊണ്ടല്ലെന്നും അതിന് കാലാകാലങ്ങളിൽ മാറി മാറി വന്ന ജനപ്രതിനിധികളാണ് ഉത്തരവാദികൾ എന്നതും ഞാൻ ഉറച്ചു പറയാൻ ആഗ്രഹിക്കുന്നു. വീടുമായ് ബന്ധപ്പെട്ട സ്കീമുകളുടെ എല്ലാ രേഖകളും വിവാരാവകാശ നിയമപ്രകാരം ഇന്ന് ചോദിച്ചിട്ടുണ്ട്.

രാത്രികളിൽ ഡെസർട്ടേഷൻ വർക്ക് മുടങ്ങി പോയി നിർത്താതെ കരഞ്ഞിട്ടുണ്ട്…. കുട്ടികൾ കരയുമ്പോൾ കരച്ചിലടക്കാൻ എന്തും ചെയ്യുന്ന മാതാപിതാക്കളെ ഞാൻ ചെറുപ്പം മുതൽക്കേ കാണാറുണ്ട്.. എന്നാൽ ഞാൻ കരയുമ്പോൾ എനിയ്ക്കൊപ്പം കരയാൻ മാത്രം കഴിയുന്ന എന്റെ അമ്മയുമച്ഛനുമുണ്ട്. ആ അമ്മയെയാണ് ഹൈക്കോടതി ഉത്തരവുമായ് ചെന്നപ്പോൾ പഞ്ചായത്ത് അധികൃതർ അപമാനിച്ച് വിട്ടത്. അതും പോരാഞ്ഞ് അവർ ഞങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നടക്കമുള്ള നുണ പ്രചരണങ്ങൾ.പ്രാഥമികമായ മനുഷ്യത്വവും ജനാധിപത്യ ബോധവുമുള്ള മനുഷ്യരായ് ഇത്തരം ഉദ്യോഗസ്ഥരും ചില ജനപ്രതിനിധികളും സ്വയം പരിഷ്കരിക്കപ്പെടേണം. നിങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികളുമായ് മുന്നോട്ട് പോവുക തന്നെ ചെയ്യും.

ഇത് എന്റെ മാത്രം വിഷയമല്ല. ഒരു പാട് വിദ്യാർത്ഥികൾ ഈ ദിവസങ്ങളിൽ അവർക്കനുഭവിക്കേണ്ടി വരുന്ന വിവേചനത്തെ ഈ തുറന്നു പറഞ്ഞിട്ടുണ്ട്. പല മനുഷ്യരും കുറേയേറെ കാലങ്ങളായ് തുറന്നു പറയുന്നതാണ്. അവ അഡ്രസ്സ് ചെയ്യപ്പെടണം. അവർക്കും നീതി വേണം.

ഒരിക്കൽ കൂടി കൂടെ നിന്ന ഓരോരുത്തരോടും നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഒപ്പം ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ അഭയ് ഫ്‌ലാവിയർ സാസയുടെ ഒരു കവിതയിലെ വരികൾ കൂടി കുറിയ്ക്കട്ടെ.

“നിങ്ങൾ ഔദാര്യമായി തരുന്ന മേൽവിലാസങ്ങളെ, നിങ്ങളുടെ വിധിതീർപ്പുകളെ, രേഖകളെ, നിർവചനങ്ങളെ, നേതാക്കളെ രക്ഷാധികാരികളെ ഞാൻ നിരസിക്കുന്നു, തള്ളിക്കളയുന്നു, പ്രതിരോധിക്കുന്നു..
കാരണം അവയെല്ലാം എന്റെ നിലനിൽപ്പിനെയും എന്റെ വീക്ഷണങ്ങളെയും എൻേതായ ഇടത്തെയും എന്റെ വാക്കുകളെയും ഭൂപടങ്ങളെയും രൂപങ്ങളെയും അടയാളങ്ങളെയും നിഷേധിക്കുന്നവയാണ്,
അവയെല്ലാം നിങ്ങളെ ഒരു ഉന്നതപീഠത്തിൽ പ്രതിഷ്ഠിച്ച് താഴേക്ക് എന്നെ നോക്കാനുള്ള മായാപ്രപഞ്ചത്തെയുണ്ടാക്കലാണ്,

അതുകൊണ്ട് എന്റെ ചിത്രം, അത് ഞാൻ തന്നെ വരച്ചുകൊള്ളാം, എന്റെ ഭാഷയെ ഞാൻ തന്നെ രചിച്ചുകൊള്ളാം, എന്റെ യുദ്ധങ്ങൾ ജയിക്കാനുള്ള കോപ്പുകൾ ഞാൻ തന്നെ നിർമിച്ചുകൊള്ളാം”

നമ്മൾ ഒത്തുചേർന്ന് പൊരുതുക , നിവർന്ന് നിൽക്കുക, അന്തസ്സുയർത്തിപ്പിടിക്കുക
ജയ് ഭീം

പ്രിയപ്പെട്ടവരേ,രണ്ടര വർഷത്തിനുശേഷംഎന്റെ അനിയത്തിയ്ക്ക് ഇന്ന് ലാപ്പ്ടോപ്പ് ലഭിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ട ഞങ്ങളുടെ…

Posted by Anakha Babu on Thursday, July 23, 2020

നെടുങ്കണ്ടം പഞ്ചായത്തിനെതിരെയാണ് നേരത്തെ അനഘ രംഗത്തെത്തിയത്. എസ്‌സി എസ്ടി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയ സംഭവമാണ് അവർ പങ്കുവച്ചത്. പലവിധ കാരണങ്ങൾ കൊണ്ട് ലാപ്പ്ടോപ്പ് നൽകാൻ പഞ്ചായത്ത് തയ്യാറായില്ലെന്നും ഹൈക്കോടതിയിൽ കേസ് നൽകി അതിൻ്റെ വിധിയുടെ പകർപ്പുമായി ചെന്നപ്പോൾ തങ്ങളെ അപമാനിച്ചു എന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Story Highlights |Dalit student got laptop after 2.5 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here