ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ബ്രിട്ടനിലെ കോടതിയില്‍ ശിക്ഷ ഒഴിവാക്കുന്നതിനായി വ്യാജ സത്യവാങ്മൂലവും രേഖകളും സമര്‍പ്പിച്ചു

Bobby Aloysius

മുന്‍ കായികതാരവും കസ്റ്റംസ് ഓഫീസറുമായ ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ബ്രിട്ടനിലെ കോടതിയില്‍ ശിക്ഷ ഒഴിവാക്കുന്നതിനായി വ്യാജ സത്യവാങ്മൂലവും വ്യാജരേഖകളും സമര്‍പ്പിച്ചതിന് തെളിവുകള്‍ പുറത്ത്. പരസ്യം നല്‍കാത്തവര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി എന്ന കേസിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറിയതായി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥാവകാശം കൈമാറിയതായി സ്ഥാപിക്കാന്‍ കേരളത്തില്‍ ഉണ്ടാക്കിയ കരാറുകള്‍ സഹിതം സമര്‍പ്പിച്ചാണ് ബ്രിട്ടനിലെ കോടതികളെ തെറ്റിദ്ധരിപ്പിച്ചത്.

മുന്‍ കായിക താരവും കസ്റ്റംസ് ഓഫീസറുമായ ബോബി അലോഷ്യസിന്റെ ബ്ലോഗാണ് ഓണ്‍ലൈന്‍ പത്രമായി മാറുന്നത്. ഈ ഓണ്‍ലൈന്‍ പത്രത്തിലേക്ക് പരസ്യം നല്‍കാത്തവര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ കേസില്‍ ബ്രിട്ടനിലെ കോടതി ഹരാസ്‌മെന്റ് ആക്ട് പ്രകാരം ക്രിമിനലായും സിവിലായും ബോബിയുടെ ഭാര്‍ത്താവിനെ ശിക്ഷിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി നടത്തിയ ധനസമാഹരണം ഏറെ നീചമാണെന്ന് വിലയിരുത്തിയ കോടതി ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങി. ഈ ഘട്ടത്തിലാണ് അന്വേഷണവും കടുത്ത നടപടികളും ഒഴിവാക്കാന്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഓണ്‍ലൈന്‍ പത്രങ്ങള്‍ കൈമാറ്റം ചെയ്തതായുള്ള തെറ്റായ രേഖകളും ബോബിയുടെ ഭര്‍ത്താവ് ഉണ്ടാക്കി. പത്രങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി 500 രൂപയുടെ മുദ്രപത്രത്തില്‍ ഈവര്‍ഷം ജനുവരിയില്‍ കരാര്‍ തയാറാക്കിയതായി രേഖയുണ്ടാക്കി. തുടര്‍ന്ന് ഫെബ്രുവരി നാലിന് ബ്രിട്ടനിലെ കോടതിയില്‍ ഇവ സമര്‍പ്പിച്ചു. പത്രങ്ങള്‍ കൈമാറിയതായും അതുകൊണ്ട് ഇനി ബാങ്ക് സമ്പാദ്യ രേഖകള്‍ പരിശോധിക്കാനായി ഹാജരാക്കാനാകില്ലെന്നും കോടതിയെ അറിയിച്ചു. ഒപ്പം ഒന്നരക്കോടിയിലധികം രൂപ പിഴയായും നല്‍കി. ഇപ്പോള്‍ പത്രം നടത്തുന്ന കമ്പനിയില്‍ കേവലം ഒരു ഡയറക്ടര്‍ മാത്രമാണ് തങ്ങളെന്നും യുകെ കോടതിയെ അറിയിച്ചു.

രണ്ട് ഡയറക്ടര്‍മാര്‍ മാത്രമാണ് ഉള്ളതെന്നും 96 ശതമാനം ഓഹരിയും തങ്ങളുടേതാണെന്നത് മറച്ചുവച്ചുമാണ് ബ്രിട്ടനിലെ കോടതിയെ ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് കബളിപ്പിച്ചത്. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും രേഖകളും പരിശോധിച്ചാല്‍ കോടികളുടെ ധനസമാഹരണവും അനധികൃത സ്വത്ത് സമ്പാദനവും പുറത്താകുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഈ കബളിപ്പിക്കല്‍.

Story Highlights Bobby Aloysius husband submits false affidavit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top