രോഗികളുടെ എണ്ണം കൂടുന്നു; വിവിധ ജില്ലകളിലെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ വിവരങ്ങള്‍

covid first line treatment centre kerala

സംസ്ഥാനത്ത് രോഗികള്‍ കൂടുന്ന അവസ്ഥയിലാണ് എല്ലാ ജില്ലകളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് പ്രത്യേകമായി തയാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയ കേസുകളില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കിടത്തി ചികിത്സിക്കുന്നത്. ഇതിലൂടെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കും.

മൂന്ന് സ്റ്റേജുകളായാണ് സിഎഫ്എല്‍ടിസികള്‍ തയാറാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 86 സിഎഫ്എല്‍ടിസികളും 11,284 കിടക്കകളും രണ്ടാം ഘട്ടത്തില്‍ 253 സിഎഫ്എല്‍ടിസികളും 30,598 കിടക്കകളും മൂന്നാംഘട്ടത്തില്‍ 480 സിഎഫ്എല്‍ടിസികളിലായി 36,400 കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നുണ്ട്.

പൂള്‍ ഒന്ന്, പൂള്‍ രണ്ട്, പൂള്‍ മൂന്ന് എന്നിവ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ സജ്ജമാക്കിയത്. പൂള്‍ ഒന്നില്‍ 30,000 ത്തോളം ജീവനക്കാരെ തെരഞ്ഞെടുത്ത് അതാത് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് അവരെ ആവശ്യമായ സിഎഫ്എല്‍ടിസികളില്‍ നിയമിക്കും. പൂള്‍ രണ്ടിലും മൂന്നിലും കൂടി ആവശ്യമാണെങ്കില്‍ 50,000ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള ആസൂത്രണം ആരോഗ്യ വകുപ്പില്‍ നടക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ തയാറായിട്ടുള്ള സിഎഫ്എല്‍ടിസികളുടെ കണക്ക് ഇങ്ങനെ:

തിരുവനന്തപുരം

ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2,103 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജമാകും. ഇവിടെ 1,817 കിടക്കകള്‍ ഉണ്ടാകും.

കൊല്ലം

കൊല്ലം ജില്ലയിലെ 33 കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായി 4,850 കിടക്കകള്‍ സജ്ജീകരിച്ചു. 3,624 കിടക്കകള്‍ ഉള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അതോടെ 64 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി ആകെ കിടക്കകളുടെ എണ്ണം 8,474 ആവും.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളിലായി 7,364 ബെഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡുകളാണ് ഉള്ളത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3,140 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയം

കോട്ടയത്ത് സിഎഫ്എല്‍ടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ വിപുല സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ മാത്രം 4,255 പേരെ താമസിപ്പിക്കാനാകും.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി അഞ്ചു താലൂക്കുകളിലായി 5,606 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. 3,114 പേര്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായി.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 109 എഫ്എല്‍ടിസികളിലായി 5,897 പൊസിറ്റീവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

തൃശൂര്‍

തൃശൂരില്‍ 30 സിഎഫ്എല്‍ടിസികള്‍ തയാറായി. ഇതില്‍ 6,033 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ 59 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ഒരുങ്ങുന്നത്. 5,793 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.

വയനാട്

വയനാട് ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2,630 കിടക്കകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. 5,660 ബെഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസികളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ 50 ഇടങ്ങളിലായി ഒരുക്കിയ എഫ്എല്‍ടിസികളില്‍ 4,870 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍

കണ്ണൂരില്‍ ഫസ്റ്റ്‌ലൈന്‍ ചികിത്സ കേന്ദ്രങ്ങളില്‍ ആകെ 7,178 കിടക്കകള്‍ സജ്ജമാക്കി. ഇതില്‍ 2,500 കിടക്കകള്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ്.

Story Highlights covid Firstline Treatment Centers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top