പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദിന്റെ പേരിൽ വ്യാജ അക്കൗണ്ട്; നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങൾ [24 fact check]

-/ ഗ്രീഷ്മാ രാജ് സി പി
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നോർത്ത് റീജിയൺ മുൻ ഡയറക്ടർ കെ കെ മുഹമ്മദിന്റെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്. അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത് അശാസ്ത്രീയമായ വിവരങ്ങളാണ്. ഇത് തന്റെ അക്കൗണ്ട് അല്ലെന്നും വ്യാജമാണെന്നും അക്കൗണ്ടിലൂടെ പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും ട്വന്റിഫോറിനോട് അദ്ദേഹം വ്യക്തമാക്കി.
‘കെ കെ മുഹമ്മദ് എന്ന ട്വിറ്റർ ഹാൻഡിൽ അശാസ്ത്രീയവും വിദ്വേഷം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ട്വിറ്റർ ഉപയോഗിക്കുന്നില്ല. സ്ഥാപിത താത്പര്യക്കാരുടെ വ്യാജപ്രചാരണങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക’- ഏതാനും ദിവസങ്ങൾക്ക് മുമ്പ് കെ കെ മുഹമ്മദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു.

ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് 24 ഫാക്ട് ചെക്ക് ടീം പരിശോധിച്ചു. കെ കെ മുഹമ്മദ് ഫാൻ എന്ന അക്കൗണ്ട് പാരഡിയാണെന്നും ആരാധകനാണ് കൈകാര്യം ചെയ്യുന്നതെന്നും ഈ അക്കൗണ്ടിന്റെ ബയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിലെ ട്വീറ്റുകളും റീട്വീറ്റുകൾക്ക് നൽകിയിട്ടുള്ള കമന്റുകളും അദ്ദേഹം നേരിട്ടുപറയുന്നതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ്.

10700 ഫോളോവേഴ്‌സുള്ള അക്കൗണ്ടിൽ നിരവധി ട്വീറ്റുകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. 28450 വർഷം പഴക്കമുള്ള കൽപവിഗ്രഹത്തെ കുറിച്ച് ഉൾപ്പെടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ ട്വിറ്റർ ഹാൻഡിലുമായി യാതൊരു ബന്ധവും ഇല്ലെന്ന് കെ കെ മുഹമ്മദ് തന്നെ വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉപയോഗിച്ച് വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് ഇതേ അക്കൗണ്ടിലൂടെ വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത്. അനുവാദമില്ലാതെയാണ് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നതെന്ന് കെ കെ മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. ലോകത്ത് ഒരു ആർക്കിയോളജിസ്റ്റിനും യോജിക്കാനാവാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ തീവ്ര മതസംഘടനകളോ തന്റെ വിശ്വാസ്യത ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോ ആകാമെന്ന് കെ കെ മുഹമ്മദ് സംശയിക്കുന്നു.
Story Highlights – k k muhammed fake twitter account, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here