സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്; അറിയാം സിനിമയെ കുറിച്ച്…

അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് ഹോട്ട് സ്റ്റാറിൽ റിലീസ് ആവുകയാണ്. ചിത്രത്തെക്കുറിച്ച് അറിയാം ചില കാര്യങ്ങൾ….
പടത്തിന്റെ ആദ്യ പേര്.. ‘കിസി ഓർ മാന്നി’
ദിൽ ബേചാരയ്ക്ക് ആദ്യം പേരിട്ടിരുന്നത് സിനിമയുടെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ ചേർത്തുവച്ചായിരുന്നു. മാന്നി എന്നാൽ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ (സുശാന്ത് സിംഗ് രാജ്പുത് അവതരിപ്പിക്കുന്ന കഥാപാത്രം), കിസി എന്നുവച്ചാൽ കിസി ബസു (സഞ്ജന സാൻഗി അവതരിപ്പിക്കുന്ന കഥാപാത്രം). പിന്നീടാണ് ദിൽ ബേച്ചാര എന്ന് പേര് മാറ്റിയത്.
‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ ന്റെ ഹിന്ദി റീമേക്ക്
ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിൻ വൂഡ്‌ലിയും അൻസൽ ഇഗോർട്ടുമായിരുന്നു. അഗസ്റ്റസും ഹേസൽ ഗ്രേസും ആണ് ഇംഗ്ലീഷിൽ കഥാപാത്രങ്ങളുടെ പേര്.
Read Also : പ്രേക്ഷകരുടെ മനം കവർന്ന് ദിൽ ബേച്ചാരയിലെ പ്രണയ ഗാനം
എ ആർ റഹ്മാന്റെ സംഗീതം
ഓസ്‌കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്. ഫാൾട്ട് ഇൻ അവർ സ്റ്റാർസിന്റെ ഇന്ത്യൻ പതിപ്പിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ, പ്രത്യേകിച്ചും കഥയിൽ എത്ര മനോഹരമായി സംഗീതം ചേർത്തിരിക്കുന്നുവെന്നത് മനസിലായപ്പോൾ തനിക്ക് ആകാംക്ഷയായെന്ന് അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
സിനിമയിലെ നായികയെ കണ്ടത്തിയത് 13ാം വയസിൽ
ഹിന്ദി മീഡിയത്തിലും റോക്ക് സ്റ്റാറിലും അഭിനയിച്ച സഞ്ജനയെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ് ഛാബ്ര. സ്‌കൂളിലെ നാടക സംഘത്തിലാണ് മുകേഷ് സഞ്ജനയെ ശ്രദ്ധിച്ചത്. പത്ത് കൊല്ലത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ സഞ്ജന നായികയായത് മറ്റൊരു ശ്രദ്ധേയമായ കാര്യം.
സിനിമയുടെ ടൈറ്റിൽ ട്രാക്ക് ചിത്രീകരിച്ചത് ഒറ്റ ഷോട്ടിൽ
സിനിമയുടെ വൈറലായ ടൈറ്റിൽ ട്രാക്കിന്റെ ദൃശ്യങ്ങളിൽ സുശാന്ത് സിംഗ് രാജ്പുത് ആണ് ചുവട് വച്ചത്. അത് ചിത്രീകരിച്ചതാകട്ടെ ഒറ്റ ഷോട്ടിലും. പാട്ട് കൊറിയോഗ്രഫി ചെയ്തത് ഫറാ ഖാൻ ആണ്. അതിനവർ പ്രതിഫലം വാങ്ങിച്ചില്ല. കൂടാതെ സുശാന്തിന് വീട്ടിൽ നിന്നുള്ള ഭക്ഷണം പ്രോത്സാഹനമായി നൽകുകയും ചെയ്തു. പാട്ടിന് നിരവധി ആരാധകരാണ് സോഷ്യ മിഡിയയിലുള്ളത്.
ദിൽ ബേച്ചാരയിൽ സെയ്ഫ് അലി ഖാനും അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം മെയ് 8ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. ഇന്ന് വൈകുന്നേരം 7.30തോട് കൂടി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.
Story Highlights – dil bechara, sushant singh rajput, sanjana sanghi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here