കൊവിഡ്; കോട്ടയത്ത് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം

kottayam covid

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം. അഞ്ചു മണിക്കുശേഷം പാഴ്‌സല്‍ സര്‍വീസ് മാത്രമേ പാടുള്ളൂ.

ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കും രോഗപ്രതിരോധ പരിശീലനം നല്‍കുന്നതിനും ഹോട്ടല്‍ ഉടമകള്‍ നടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ സാമൂഹിക അകലവും കൈകള്‍ ശുചികരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണം. ബേക്കറികളില്‍ ആളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു. വാഹനങ്ങളിലും ഭക്ഷണ വില്‍പ്പന നടത്താന്‍ പാടില്ല. ജില്ലയിലെ ഭക്ഷ്യോത്പന്ന വില്‍പ്പന ശാലകളില്‍ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്താന്‍ നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി
നേതൃത്വവുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതനുസരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ഹോം ഡെലിവറിയോ പാഴ്‌സല്‍ സംവിധാനമോ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വ്യാപാരികള്‍ സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കള്‍ വിളിച്ചറിയിക്കുമ്പോള്‍ അവ എടുത്ത് സഞ്ചിയിലാക്കി വച്ചശേഷം വിവരം അറിയിക്കണം. വില്‍പ്പന കേന്ദ്രത്തില്‍ അധികം കാത്തു നില്‍ക്കാതെ പണം നല്‍കി സാധനങ്ങളുമായി പോകുന്ന സംവിധാനം നിലവില്‍ വന്നാല്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കും കുറയ്ക്കാനാകും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ, പൊലീസ് വകുപ്പുകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘം പരിശോധന നടത്തും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. രോഗപ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Story Highlights covid; Restrictions on hotel hours in Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top