സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നു; വിവാഹ നോട്ടീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ സമർപ്പിക്കുന്ന വിവാഹ നോട്ടീസ് ഇനി മുതൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കില്ല. നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ മാത്രം പ്രദർശിപ്പിക്കുന്നതിന് നിർദേശം നൽകി. സ്വകാര്യ വിവരങ്ങൾ പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മന്ത്രി ജി സുധാകരൻ അറിയിച്ചതാണ് ഇക്കാര്യം.
1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിർപ്പുണ്ടെങ്കിൽ ആയത് സമർപ്പിക്കുന്നതിനുമായി പ്രദർശിപ്പിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
2018-ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ രജിസ്‌ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. എന്നാൽ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് നോട്ടീസുകളിലെ വിവരങ്ങൾ വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികൾ ശ്രദ്ധയിൽപെട്ടു. അപേക്ഷകരുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നുവെന്നും മന്ത്രി പറയുന്നു.
ഇക്കാര്യത്തിൽ നൽകിയ നിർദേശാനുസരണം രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – Special marriage act, G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here