സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സർക്കാർ ഉത്തരവ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സർക്കാർ ഉത്തരവിറക്കി. ജില്ലാ സ്വകാര്യ ആശുപത്രികൾക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ റഫർ ചെയ്താൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായിരിക്കും. കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചിലവ് സംസ്ഥാന ആരോഗ്യ ഏജൻസി വഹിക്കും.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ സർക്കാർ ആശുപത്രികളിലൂടെ മാത്രം ചികിത്സ നൽകിയാൽ മതിയാവില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികളേയും പരിധിയിൽ കൊണ്ടുവരുന്നത്. കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്നചികിത്സാ നിരക്കും മാർഗനിർദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾക്കാണ് അനുമതി.കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി..

ജനറൽ വാർഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയു 6500 രൂപ, ഐസിയു വെന്റിലേറ്റർ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ.ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കാം. ആർടിപിസിആർ പരിശോധന 2750 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്സ്പേർട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെ പരിശോധനയ്ക്കുള്ള നിരക്കും നിശ്ചയിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലേക്ക് സർക്കാർ സംവിധാനങ്ങൾ റഫർ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ തന്നെ വഹിക്കും.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കൊവിഡ് ചികിത്സ ചെലവ് പൂർണമായും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും ഏറ്റെടുക്കും.

Story Highlights – Government order fixing covid treatment rates in private hospitals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top