Advertisement

ഇന്ന് കാർഗിൽ ദിവസ്; ജ്വലിക്കുന്ന ധീരസ്മരണകളുടെ 21ാം വാര്‍ഷികം

July 26, 2020
Google News 1 minute Read
kargil divas

ഇന്ന് കാർഗിൽ വിജയ് ദിവസ്. അയൽക്കാരൻ മഞ്ഞിലൊളിച്ചുകടത്തിയ മറക്കാനാകാത്ത ചതിയെ ഒരു രാജ്യം ഒരുമിച്ച് ചെറുത്തു തോൽപിച്ച ദിനമാണ് ഇന്ന്. കാർഗിൽ യുദ്ധത്തിന്റെ ഓർമ ദിനം. സേനാതലത്തിൽ കാർഗിൽ ദിവസ് ആഘോഷിക്കും. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം സമർപ്പിക്കും.

1999 മെയ് മൂന്നിന് താഴ്‌വരയിൽ ആടുമേക്കാനെത്തിയ താഷിം നംഗ്യാലെന്ന ഇടയാനാണ് അയൽക്കാരന്റെ ചതി രാജ്യത്തെയറിയിക്കുന്നത്. കാണാതെ പോയ ആടിനെ തെരഞ്ഞിറങ്ങിയ നംഗ്യാൽ തന്റെ ബൈനോക്കുലറിലൂടെ ഒളിച്ചിരിക്കുന്ന പാക് പട്ടാളക്കാരെ കണ്ടു. പെട്ടെന്ന് തന്നെ മലയിറങ്ങിയ നംഗ്യാൽ ആർമി ക്യാമ്പിലെത്തി കണ്ട കാഴ്ചയറിയിച്ചു. ശൈത്യമേറിയാൽ നിയന്ത്രണരേഖയിലെ കാവൽ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും മലയിറങ്ങറാണ് പതിവ്. ആ പതിവ് പാലിച്ചെന്ന് വരുത്തിയ പാക് പട്ടാളം പിന്നീട് പതിയെ നുഴഞ്ഞുകയറുകയായിരുന്നു.

Read Also : 2019ൽ നമ്മെ വിട്ടുപിരിഞ്ഞവർ

നംഗ്യാലെത്തിയതിന് പിന്നാലെയിറങ്ങിയ ഇന്ത്യൻ സൈന്യം ആദ്യമൊരു അതൊരു സാധാരണ കരാർ ലംഘനമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ അതിനകം 131 സൈനിക പോസ്റ്റുകളിൽ നുഴഞ്ഞുകയറ്റക്കാർ പിടിമുറുക്കിയിരുന്നു. ദ്രാസ് ബറ്റാലിക്ക് സെക്ടറിലെ 18000 അടി ഉയരത്തിലെ സൈനിക പോസ്റ്റിനരികിലേക്ക് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയും കൂട്ടരും ചെന്നെത്തിയത് പാക് പട്ടാളക്കാരുടെ പിടിയിലാണ്. കാലിയയുടേയും ഒപ്പമുള്ളവരുടേയും മൃതദേഹങ്ങളാണ് പിന്നീട് പാകിസ്താൻ തിരികെ നൽകുന്നത്.

അയൽക്കാരുടെ ചതി ചെറുതല്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ വലിയ നീക്കങ്ങളിലേക്ക് മാറി. കരസേനയുടെ കീഴിൽ ഓപ്പറേഷൻ വിജയിയും വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷൻ തൽവാറും രൂപപ്പെട്ടു. രണ്ട് ലക്ഷത്തോളം പേർ സൈനിക നീക്കത്തിന്റെ ഭാഗമായി. മുപ്പതിനായിരം പേർ യുദ്ധമുഖത്തിൽ നേരിട്ടെത്തി. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത കുന്നുകൾ നിറഞ്ഞ ഭൂപ്രദേശത്തിലൂടെ ഇന്ത്യയുടെ പീരങ്കിപ്പട മുന്നോട്ടാഞ്ഞു. കാർഗിൽ, ദ്രാസ്, കക്‌സർ, മുഷ്‌കോഹ് മേഖലകളിലായിരുന്നു പാക് നുഴഞ്ഞുകയറ്റം.

ശത്രുക്കൾ ഒളിഞ്ഞിരിക്കുന്ന 14000 അടിവരെ ഉയരമുള്ള മഞ്ഞുമലകൾക്ക് മുകളിലേക്ക് എത്തിച്ചേരുക ദുഷ്‌കരമായിരുന്നുവെങ്കിലും പരമാവധി ആയുധങ്ങളുമേന്തി സൈനികർ മല കയറി. വിമാനം വെടിവച്ചിട്ടും പൈലറ്റിനെ യുദ്ധ തടവുകാരനാക്കിയും പാക് പ്രകോപനം തുടർന്നു. സൈന്യത്തെ പിന്തുണച്ചുകൊണ്ട് മിഗ് 21 , മിഗ് 27, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങൾ ആക്രണത്തിന്റെ മൂർച്ച കൂട്ടി. ഇന്ത്യൻ നാവികസേന പാകിസ്താൻ തുറമുഖങ്ങൾ ഉപരോധിക്കാൻ ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ സമ്മർദം ശക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പാക്കിസ്താനോട് ആവശ്യപ്പെട്ടു. ഉയരത്തിലിരിപ്പുറപ്പിച്ച ശത്രുവിനെ അതിലുമയർന്ന സേനാവീര്യംകൊണ്ട് ഇന്ത്യ കീഴ്‌പ്പെടുത്തി. ടൈഗർ ഹില്ലിന് അരികിലെത്തിയതോടെ പാക് വേരുകൾ ഇളകിത്തുടങ്ങി. ബൊഫോഴ്‌സ് പീരങ്കികൾ ഹില്ലിലേക്ക് തുടർച്ചയായി ആക്രമണം നടത്തി. മഞ്ഞിൽ മറഞ്ഞിരുന്ന ശത്രുക്കളിലേക്ക് ബൊഫോഴ്‌സിന്റെ മെഴ്‌സഡസ് ബെൻസ് എഞ്ചിനുകൾ ശരവേഗം വെടിയുതിർത്തുകൊണ്ടിരുന്നു. ഭാരമേറുമെന്നതിനാൽ റേഷൻ പോലും എടുക്കാതെ പരമാവധി ആയുധങ്ങൾ ചുമലിലേറ്റിയാണ് ഇന്ത്യൻ സൈനിക വീരന്മാർ മല കയറിയത്.

ജൂലൈ നാലിന് രാജ്യം കാത്ത സന്ദേശമെത്തി. സേന ടൈഗർ ഹിൽ പിടിച്ചു. അഞ്ഞൂറോളം യോദ്ധാക്കളെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മഹായുദ്ധത്തിന്റെ ഓർമകൾക്ക് ഇന്ന് 21 വർഷം തികയുന്നു. കാർഗിൽ ഇന്ന് കേവലം സ്ഥലനാമത്തിനപ്പുറം ജ്വലിക്കുന്ന ധീരസ്മരണകളുടെ വീരഭൂമി കൂടിയാണ്.

Story Highlights kargil divas, kargil day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here