Advertisement

2019ൽ നമ്മെ വിട്ടുപിരിഞ്ഞവർ

December 31, 2019
Google News 1 minute Read

രാഷ്ട്രീയ സാമ്പത്തിക- സാമൂഹ്യ മേഖലയിൽ ഒട്ടനവധി സംഭവ വികാസങ്ങൾ അരങ്ങേറിയ വർഷമായിരുന്നു കടന്നു പോയത്. ഇക്കൂട്ടത്തിൽ ഓർമകൾ ബാക്കിവെച്ച് നമ്മെ വിട്ടുപിരിഞ്ഞവരെ നിരവധിയാണ്… മൃണാൾ സെൻ മുതൽ തോമസ് ചാണ്ടി വരെ പോയ വർഷത്തിന്റെ നഷ്ടങ്ങളാണ്.

മൃണാൾ സെൻ

നവതരംഗ ഇന്ത്യൻ സിനിമകളുടെ വക്താക്കളിൽ ഒരാളാണ് ബംഗാളി ചലച്ചിത്ര സംവിധായകനായ മൃണാൾ സെൻ. നിരവധി തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തെ രാജ്യം പത്മഭൂൺ നൽകി ആദരിച്ചിട്ടുണ്ട്. 2018 ഡിസംബർ 30ന് കൊൽക്കത്തയിൽ മൃണാൾ സെൻ അന്തരിച്ചു.

രമാകാന്ത് അച്ചരേക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ കോച്ചായിരുന്നു രമാകാന്ത് അച്ചരേക്കർ. കഴിഞ്ഞ അധ്യാപക ദിനത്തിൽ അച്ചരേക്കറിന് പ്രണാമം അർപ്പിച്ചുകൊണ്ട് സച്ചിൽ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. 2019 ന് ജനുവരി 2ന് അദ്ദേഹം വിടവാങ്ങി.

ലെനിൻ രാജേന്ദ്രൻ

മലയാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ലെനിൻ രജേന്ദ്രൻ. വിപണി പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരായിരുന്നു അദ്ദേഹം, വേനൽ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായ അദ്ദേഹം 2018 ജനുവരി 14ന് ചെന്നൈയിൽ അന്തരിച്ചു.

എമിലിയാനോ സല

പ്രൊഫഷണൽ ഫുട്‌ബോൾ താരമായിരുന്ന എമിലിയാനോ സല ഫ്രാൻസിലെ ഫ്രാൻസിൽ നിന്നും കാർഡിഫിലേക്കുള്ള യാത്രക്കിടയിൽ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു. അപകടശേഷം ലഭിച്ച മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. 2019 ജനുവരി 21 നാണ് സല വിടവാങ്ങുന്നത്.

ജോർജ് ഫെർണാണ്ടസ്

ഇന്ത്യയിലറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു. 14-ആം ലോക്‌സഭയിൽ അംഗമായിരുന്നു. എൻഡിഎ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്നു. 15-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. കാർഗിൽ യുദ്ധ സമയത്ത് ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള കേസിൽ വിവാദത്തിലേർപ്പെട്ടു. 2019 ജനുവരി 29ന് അന്തരിച്ചു.

മനോഹർ പരീക്കർ

ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്നു മനോഹർ പരീക്കർ. ഐഐടിൽ പഠനം പൂർത്തിയാക്കിയ ശേഷം എംഎൽഎ ആകുന്ന ആദ്യവ്യക്തിയാണ് ഇദ്ദേഹം. 2019 മാർച്ച് 17ന് അന്തരിച്ചു.

കെഎം മാണി

1965 മുതൽ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കെഎം മാണി, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ധനമന്ത്രിയായിരിക്കെ ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മാണിക്കാണ്. 2019 ഏപ്രിൽ 9ന് അന്തരിച്ചു.

എൻആർ മാധവ മേനോൻ

 

ആധുനിക നിയമ പഠനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന എൻആർ മാധവ മേനോൻ, നിയമ വിദഗ്ദനും നിയമ അധ്യാപകനുമായിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആവശ്യം അനുസരിച്ച് ബംഗളൂരുവിൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്‌ഐയു) തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത് 12വർഷം വിസി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമമേഖലയിൽ പുതിയ വഴിതെളിച്ച എൻആർ മാധവമേനോനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ഗിരീഷ് കർണാട്

കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, റോഡ്‌സ് സ്‌കോളറും ടെലിവിഷൻ അവതാരകനുമായിരുന്നു ഗിരീഷ് കർണാട്. 1998ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. 2019 ജൂൺ 10ന് ആദ്ദേഹ അന്തരിച്ചു.

വിജയ നിർമല

ഇന്ത്യൻ ചലച്ചിത്രരംഗത്തെ അഭിനേത്രിയും സംവിധായകയുമായ വിജയ നിർമല, 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2002ൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതിയോടെ 2002ൽ വിജയ നിർമല ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. 1971ൽ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിർമല സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. 2019 ജൂൺ 27ന് ഹൈദരാബാദിൽ അന്തരിച്ചു.

എംജെ രാധാകൃഷ്ണൻ

എഴുപത്തഞ്ചോളം സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുള്ള എജെ രാധാകൃഷ്ണൻ, കേരള സംസ്ഥാന പുരസ്‌കാരം ഏഴുതവണ നേടിയിട്ടുണ്ട്. കർമ രംഗത്തെ പ്രവർത്തന മികവ് അദ്ദേഹത്തെ ബോളിവുഡിലും എത്തിച്ചു. 2019 ജൂലൈ 12ന് തിരുവനന്തപുരത്ത് അന്തരിച്ചു.

ഷീലാ ദീക്ഷിത്

മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത് ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ചിരുന്ന മുഖ്യമന്ത്രിയായ ഇവർ ഏറ്റവും കൂടുതൽ കാലം ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം ഭരിക്കുക എന്ന നേട്ടം കൈവരിച്ച വനിതകളിലുമൊരാളാണ്. 2019 ജൂലൈ 20ന് അന്തരിച്ചു.

ടോണി മോറിസൺ

വിഖ്യാത ആഫ്രിക്കൻ- അമേരിക്കൻ എഴുത്തുകാരിയായിരുന്നു ടോണി മോറിസൺ. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബറാക്ക് ഒബാമ നൽകി ആദരിച്ചിരുന്നു. 2019 ആഗസ്റ്റ് 5നാണ് ടോണി മോറിസൺ ലോകത്തോട് വിട പറയുന്നത്.

സുഷമ സ്വരാജ്

2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സുഷമ സ്വരാജ്, ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ്. ലോക്‌സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും എന്ന ബഹുമതിയും ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 2019 ആഗസ്റ്റ് 6ന് അന്തരിച്ചു.

ഖയ്യാം

പ്രശസ്ത സംഗീത സംവിധായകനായ ഖയ്യാം, പ്രശസ്ത ഹിന്ദി ഗാനമായ ‘കഭി കഭി മേരെ ദിൽ മേം’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനാണ്. സംഗീത സംവിധാന രംഗത്ത് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

അരുൺ ജെയ്റ്റ്‌ലി

മുൻ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റിലി, മുതിർന്ന അഭിഭാഷകനായിരുന്ന അരുൺ ജെയ്റ്റിലി ഡൽഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് 24ന് അന്തരിച്ചു.

റോബർട്ട് മുഗാബെ

തെക്കനാഫ്രിക്കൻ രാജ്യമായ സിംബാബ്വെയുടെ പ്രസിഡന്റായിരുന്നു റോബർട്ട് മുഗാബെ, വെള്ളക്കാരിൽ നിന്നും സിംബാബ്വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായിരുന്നു. നാല് പതിറ്റാണ്ടോളം പ്രസിഡന്റ് പദവിൽ ഇരുന്ന മുഗാബെയെ പാശ്ചാത്യലോകം സേച്ഛാധിപതി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2019 സെപ്റ്റംബർ 6ന് അന്തരിച്ചു.

സത്താർ

എഴുപതുകളിൽ മലയാളചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ചലച്ചിത്ര നടനാണ്. 1976ൽ വിൻസെന്റ് മാഷ് സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നു വന്ന സത്താർ 148 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019 സെപ്റ്റംബർ 17ന് അന്തരിച്ചു.

കെപിഎസ് മേനോൻ

1987 മുതൽ 1989 വരെ കെപിഎസ് മേനോൻ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെ പിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. ഒരേ കുടുംബത്തിലെ രണ്ട് പേർ വിദേശകാര്യ സെക്രട്ടറിമാരായി എന്ന അപൂർവത നിലനിർത്തിയാണ്. കെപിഎസ് മേനോൻ വിടവാങ്ങുന്നത്.

ടിഎൻ ശേഷൻ

ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ തെരഞ്ഞടുപ്പ് കമ്മീഷണറെന്ന നിലയിൽ ഖ്യാതി നേടിയ ടിഎൻ ശേഷൻ, രാജ്യത്തെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നു. തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയതും ടിഎൻ ശേഷന്റെ കാലത്താണ്.

രാമചന്ദ്ര ബാബു

സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും നിറസാന്നിധ്യമായിരുന്ന രാമചന്ദ്ര ബാബു ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമസ്‌കോപ്പിക് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. 2019 സിസംബർ 21ന് അദ്ദേഹം മരിച്ചു.

തോമസ് ചാണ്ടി

പ്രമുഖ എൻസിപി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി. ക്യാൻസർ സംബന്ധമായ അസുഖം ബാധിച്ച് 2019 ഡിസംബർ 20ന് എറണാകുളത്ത് വച്ച് മരണപ്പെട്ടു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here