സമ്പർക്കത്തിലൂടെ കൊവിഡ്; കൊല്ലം ജില്ലയിൽ ഇന്ന് മുതൽ വാഹന നിയന്ത്രണം

സമ്പർക്കത്തിലൂടെ ഉള്ള കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ഇന്ന് മുതൽ വാഹന നിയന്ത്രണം. ഒറ്റയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്കും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്കും ആഴ്ചയിൽ വ്യത്യസ്തമായ മൂന്ന് ദിവസങ്ങളിൽ മാത്രമാവും നിരത്തിലിറങ്ങാനാവുക. എന്നാൽ, ജില്ലയിലെ മത്സ്യ വളർത്തു കേന്ദ്രങ്ങളിൽ നിന്നും കായലിൽ നിന്നുമുള്ള മത്സ്യബന്ധനത്തിന് ഇന്നുമുതൽ വീണ്ടും അനുമതി നൽകി.

ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് കൊല്ലം ജില്ലയിൽ തിങ്കൾ , ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമാണ് യാത്രാനുമതി. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ , വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നിരത്തിലിറക്കാം. കണ്ടെയ്ന്റ്‌മെന്റ് സോൺ നിയന്ത്രണങ്ങൾ ഇല്ലാത്ത ഇടങ്ങളിലും നിയമം ബാധകമാണ്. ചരക്ക് വാഹനങ്ങൾ, പാൽ, പാത്രം സർക്കാർ ജീവനക്കാർ, മാധ്യമപ്രവർത്തകർ , ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഈ നിയന്ത്രണം ബാധകമല്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ജില്ലാ അതിർത്തികളിലൂടെ മറ്റു ജില്ലകളിലേക്ക് കടന്നുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ, മത്സ്യം വളർത്തു കേന്ദ്രങ്ങളിൽ നിന്നുള്ള മത്സ്യബന്ധനവും കായൽ മത്സ്യബന്ധനവും ജില്ലയിൽ അനുവദിച്ചു. ഇവയുടെ വിൽപന അംഗീകൃത ഫിഷ് സ്റ്റാളുകളിൽ കൂടി നടത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയ്ക്ക് പുറത്തുനിന്നും മതിയായ രേഖകളോടെ കയറ്റുമതിക്കായി മത്സ്യം എത്തിക്കാനും അനുമതി നൽകി. പൊതുമേഖലാസ്ഥാപനമായ മത്സ്യഫെഡിനും ജില്ലയ്ക്ക് പുറത്ത് നിന്ന് പാക്ക് ചെയ്ത് മത്സ്യം കൊണ്ടുവന്ന് വിൽക്കാൻ അനുമതിയുണ്ട്.

Story Highlights – Covid through contact; Traffic control in Kollam district from today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top