കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റര്‍ പിന്തുണയുള്ള 40 ബെഡുകളാണ് ഐസിയുവില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മെഡിക്കല്‍ കോളജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളം ജില്ലയില്‍ ആലുവ ക്ലസ്റ്ററിന് സമീപമുള്ള മഞ്ഞപ്ര, നെടുമ്പാശേരി, ശ്രീമൂലനഗരം, പള്ളിപ്പുറം പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കൊല്ലം ജില്ലയില്‍ വികേന്ദ്രീകൃത രീതിയില്‍ നാല് കൊറോണ കണ്ട്രോള് യൂണിറ്റുകള്‍ മേഖലാടിസ്ഥാനത്തില്‍ ആരംഭിച്ചു. മദ്യപാന ആസക്തിയുള്ളതും മാനസിക അസ്വാസ്ഥ്യമുള്ളതുമായ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ നിന്നും പുറത്തേക്ക് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനും പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ ചെട്ടികാട്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് എന്നീ ക്ലസ്റ്ററുകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി നഗരസഭയിലും താലൂക്കില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമ പഞ്ചായത്തിലും മൊത്തത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 19 പഞ്ചായത്തുകളിലായി 40 വാര്‍ഡുകളും നിയന്ത്രണ മേഖല പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Kalamassery Medical College, special ICU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here