Advertisement

തിരുവനന്തപുരത്ത് കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ച് ഉത്തരവിറക്കി

July 30, 2020
Google News 1 minute Read

തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കം. അതിനിടെ, തലസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു.

സംസ്ഥാനത്ത് ആദ്യമായി സമൂഹ വ്യാപനം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും തലസ്ഥാനത്താണ്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രോഗികളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമായിരിക്കും വീടുകളിൽ നിരീക്ഷണം അനുവദിക്കുക. ശുചിമുറിയുളള റൂം വേണം, വീട്ടിലുളള മറ്റുളളവരുമായി സമ്പർക്കം പാടില്ല, ആരോഗ്യാവസ്ഥ ദിവസവും ആരോഗ്യ വകുപ്പിനെ അറിയിക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണ് തീരുമാനം. രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വീട്ടിലും ചികിത്സാ നടത്താമെന്ന് സംസ്ഥാനം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അല്ലാത്ത രോഗികൾക്കും വീട്ടിൽ ചികിത്സ അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്.

Read Also : ആശങ്കയുടെ ആറ് മാസം; കൊവിഡ് കേരളത്തിൽ ആദ്യമായി എത്തിയത് ജനുവരി 30ന്

അതേസമയം, നിയന്ത്രണങ്ങൾ ശക്തമായി തുടരുമ്പോഴും തലസ്ഥാനത്തെ ആശങ്കക്ക് അറുതി ആയിട്ടില്ല. നിയന്ത്രണ മേഖലയിൽ ഉൾപ്പെടെ സമ്പർക്ക വ്യാപനം തുടരുന്നതും, ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പടരുന്നതും വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. 3023 രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിലേറെയും സമ്പർക്ക രോഗ ബാധിതരാണ്. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുന്നതും സ്ഥിതി സങ്കീർണമാക്കുകയാണ്. അതിനിടെ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിൽ അപാതകയുണ്ടെന്ന ആരോപണവും ശക്തമാവുകയാണ്. രോഗികളില്ലാത്ത പല പ്രദേശങ്ങളെയും നിയന്ത്രണ പരിധിയിൽ കൊണ്ടുവരികയും, രോഗികളുള്ള മേഖലയിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നില്ലെന്നുമാണ് ആക്ഷേപം. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാനദണ്ഡം എന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് കൗൺസിലർമാർ ഉൾപ്പെടെ പരാതി ഉന്നയിക്കുകയാണ്.

Story Highlights Coronavirus, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here