കോടതി ഭർത്താവിനൊപ്പം വിട്ട യുവതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതായി പരാതി; സംഭവം കോലഞ്ചേരിയിൽ

കോടതി ഇടപെടലിലൂടെ ഭർത്താവിനൊപ്പം പോയ യുവതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. യുതിയുടെ പിതാവ് അയച്ച ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ആരോപിച്ച് ഭർത്താവാണ് രംഗത്തെത്തിയിരിക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ ശ്രീനാഥാണ് ഭാര്യ ശിവകാമിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് വർഷത്തോളം പ്രണയിച്ച ഇരുവരും ജൂലൈ ഏഴിന് അമ്പലപ്പുഴ ദേവീക്ഷേത്രത്തിൽവച്ച് വിവാഹിതരായിരുന്നു. ശിവകാമിയുടെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു വിവാഹം. തുടർന്ന് വിവാഹിതരായ കാര്യം ശിവകാമി തന്നെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു.

കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാതാപിതാക്കൾ വൈകിട്ടോടെ ശ്രീനാഥിനെ വീട്ടിലെത്തുകയും അനുനയിപ്പിച്ച് ശിവകാമിയെ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ശിവകാമി വഴങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതോടെ ആ ശ്രമം നടന്നില്ല. ഇതിനിടെ പിതാവ് ശിവകാമിയെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

Read Also :17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും ഭാര്യയും അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പൊലീസ് വിളിപ്പിച്ചതനുസരിച്ച് ശ്രീനാഥ്, ശിവകാമിയുമായി കോലഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി. തുടർന്ന് ശിവകാമിയെ കോടതിയിൽ ഹാജരാക്കി. ആരുടെ കൂടെ പോകണമെന്ന് ചോദിച്ചപ്പോൾ ഭർത്താവിന്റെ കൂടെയെന്ന് ശിവകാമി മറുപടി നൽകി. ഇതനുസരിച്ച് കോടതി ശിവകാമിയെ ശ്രീനാഥിന്റെ കൂടെ അയച്ചു. ഇവിടെ നിന്ന് കാറിൽ പോകുന്നതിനിടെയാണ് ശിവകാമിയെ തട്ടിക്കൊണ്ടുപോയത്. ശ്രീനാഥിനെ മർദിച്ചവശനാക്കിയ ശേഷമാണ് ശിവകാമിയെ കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നടപടിയില്ലെന്നാണ് ശ്രീനാഥ് ആരോപിക്കുന്നത്.

Story Highlights habeas corpus, Missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top