മരിച്ചുപോയ അമ്മയുടെ ശബ്ദം അടങ്ങിയ പാവ മകള്‍ക്ക് തിരിച്ച് കിട്ടി; മോഷ്ടാവിന് നന്ദി പറഞ്ഞ് റെയാന്‍ റെയ്‌നോൾഡ്‌സ്

മരിച്ചുപോയ അമ്മയുടെ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്ത പാവ മാരാ സൊറിയാനോയ്ക്ക് തിരിച്ച് കിട്ടി. സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു സൊറിയാനോയുടെ ടെഡി ബെയർ കാണാതായ സംഭവം. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോട് കൂടിയാണ് ഇവർക്ക് പാവക്കുട്ടിയെ തിരിച്ച് കിട്ടിയത്. ദൃശ്യങ്ങളിലെ മോഷ്ടാവിനെ തെരഞ്ഞ് കണ്ടുപിടിച്ച രണ്ട് പേർ പാവയെ തിരിച്ച് സൊറിയാനോയുടെ കൈകളിൽ കൊണ്ടെത്തിച്ചു.
അവർ പാവയെ എടുത്ത് തന്നപ്പോൾ കരച്ചിൽ വന്നെന്ന് സൊറിയാനോ പറയുന്നു. അമ്മയുടെ ശബ്ദം അടങ്ങുന്ന പാവ അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. പാവയെ തിരിച്ചു ലഭിച്ചെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്നും താൻ ഈ നിമിഷത്തിന് വേണ്ടി അക്ഷമയായി കാത്തിരിക്കുകയായിരുന്നുവെന്നും സൊറിയാനോ.
Read Also : ജീവന്റെ വിലയുള്ള പാവയിലാണ് അവളുടെ അമ്മയുടെ ശബ്ദമുള്ളത്; ദയവായി തിരികെ കൊടുക്കൂ…
പാവ തിരിച്ചെത്തിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ഹോളിവുഡ് താരം റെയാൻ റെയ്‌നോൾഡ്‌സും സംഭവത്തിൽ പ്രതികരിച്ചു. ‘ വളരെയധികം സന്തോഷകരമായ വാർത്ത… അന്വേഷിച്ച എല്ലാവർക്കും നന്ദി. പാവയെ മോഷ്ടിച്ചയാളോട് അതിനെ നന്നായി സൂക്ഷിച്ചതിൽ നന്ദി പറയുന്നു.’ അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.

വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഫിലിപ്പീൻ കുടുംബത്തിലെ അംഗമാണ് സൊറിയാനോയുടേത്. സൊറിയാനോ പഠിച്ചതും വളർന്നതുമെല്ലാം അമ്മയുടെ തണലിലാണ്. എന്നാൽ, അമ്മ, കഴിഞ്ഞ വർഷം ജൂണിൽ ക്യാൻസർ ബാധിച്ച് മരിച്ചു. മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത അമ്മയുടെ ശബ്ദം കാണാതെ പോയ കരടിപ്പാവയ്ക്കകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. പണ്ടുതൊട്ടേ വീട്ടിലുണ്ടായിരുന്ന പാവയാണ് ആ ടെഡി ബെയർ. അതിനുള്ളിലെ ശബ്ദം കേൾക്കുമ്പോൾ നഷ്ടപ്പെട്ട അമ്മയെ കാണാനാകുമെന്നാണ് സൊറിയാനോ പറയുന്നത്. ‘എന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ഞാൻ മകളായതിൽ അമ്മയ്ക്ക് അഭിമാനമുണ്ടെന്നും അമ്മ എന്നെന്നും എന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമാണ് ആ റെക്കോർഡിൽ സൂക്ഷിച്ചിരിക്കുന്ന ശബ്ദത്തിലുള്ളത്. സത്യത്തിൽ ഞാനെന്റെ അമ്മയെ മുൻപ് ഒരിക്കലും ഇത്രയും മനോഹരമായി കേട്ടിട്ടില്ല. അത്രയും സ്‌പെഷ്യലാണ് എനിക്ക് ആ വോയിസ് ക്ലിപ്പ്. ഫിലിപ്പീൻ ഭാഷയിൽ ഐ ലവ് യൂ എന്ന് പാവ പറയും. അത് കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ എനിക്ക് വീടിന്റെ ഓർമ്മ വരും’ എന്നും സൊറിയാനോ പറഞ്ഞിരുന്നു.
Story Highlights – teddy bear missing with sound of dead mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here