കാസര്‍ഗോഡ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 153 പേര്‍ക്ക്; 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

കാസര്‍ഗോഡ് ആശങ്കയുയര്‍ത്തി കൊവിഡ് കണക്ക് വീണ്ടും നൂറു കടന്നു. 153 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ജില്ലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
അഞ്ച് ദിവസത്തിനു ശേഷമാണ് കാസര്‍ഗോഡ് ജില്ലയില്‍ പ്രതിദിന കണക്ക് വീണ്ടും നൂറ് കടന്നത്. ജില്ലയിലെ എല്ലാ മേഖലയിലും രോഗവ്യാപനം ഒരുപോലെ രൂക്ഷമാകുന്നു എന്നതാണ് സാഹചര്യങ്ങള്‍ അനുദിനം വ്യക്തമാക്കുന്നത്. 153 ല്‍ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാവുകയാണ്. മംഗല്‍പാടി, മഞ്ചേശ്വരം, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെങ്കള പഞ്ചായത്തിലാണ് പുതുതായി കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തിയത്. ഇതില്‍ മംഗല്‍പാടി മൂന്നാം വാര്‍ഡില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്കും രോഗബാധയുണ്ടായി. ചടങ്ങിലെത്തിയ മുഴുവനാളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേല്‍പറമ്പിലെ ബാങ്ക് ജീവനക്കാരായ നാല് പേരിലും രോഗം കണ്ടെത്തി. നേരത്തെ ജീവനക്കാരിലൊരാള്‍ കൊവിഡ് പോസറ്റീവായിരുന്നു. ജില്ലയില്‍ ഇതുവരെ 1797 പേരാണ് കൊവിഡ് ബാധിതരായത്. ഇതില്‍ 753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 877 പേരുടെ പരിശോധനാ ഫലമാണ് ലഭ്യമാക്കാനുള്ളത്.
Story Highlights – Kasargod covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here