മെസിക്കായി വലവിരിച്ച് ഇന്റർമിലാൻ; ക്ലബ് മുന്നോട്ടുവച്ചത് വമ്പൻ കരാർ

lionel messi inter milan

ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നാലെ ലയണൽ മെസിയും ഇറ്റലിയിലേക്കെന്ന് സൂചന. മെസിയെ ടീമിൽ എത്തിക്കാനായി ഇറ്റാലിയൻ ക്ലബ് ഇൻ്റർമിലാൻ വമ്പൻ ഓഫറാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ബാഴ്സലോണയുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മെസിയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

Read Also : മാനേജ്മെന്റിലും പരിശീലകനിലും അതൃപ്തി; മെസി ബാഴ്സലോണ വിട്ടേക്കും

മെസിക്ക് 235 ദശലക്ഷം യൂറോയുടെ കരാറാണ് ഇൻ്റർമിലാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമം ലാ ഗസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തു. നാലു വർഷത്തേക്കാണ് കരാർ. കരാർ പ്രകാരം ഒരു സീസണിൽ മെസിക്ക് 60 ദശലക്ഷം യൂറോ പ്രതിഫലം ലഭിക്കും. ക്രിസ്ത്യാനോ റൊണാൾഡോക്ക് യുവൻ്റസ് നൽകുന്ന പ്രതിഫലത്തിൻ്റെ ഇരട്ടിയാണ് ഇത്, 27.3 ദശലക്ഷം യൂറോയാണ് ക്രിസ്ത്യാനോയുടെ പ്രതിഫലം.

Read Also : താരങ്ങളും മാനേജ്മെന്റും ആരാധകരും അൺഹാപ്പി; ബാഴ്സലോണയിൽ സംഭവിക്കുന്നത്

2021 വരെ ബാഴ്സലോണയിൽ കരാറുള്ള മെസി ക്ലബ് മുന്നോട്ടുവച്ച കരാർ പുതുക്കലിനോറ്റ് പ്രതികരിച്ചിട്ടില്ല. ടീമിൻ്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കുന്നുണ്ട്. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തിൽ മാനേജ്മെൻ്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിക്കുന്നു. ആർതർ മെലോ, മാർക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണിൽ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡിൽ നിന്നെത്തിയ അൻ്റോയിൻ ഗ്രീസ്മാനോട് ക്ലബിൻ്റെ പെരുമാറ്റവും അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒപ്പം, പരിശീലകൻ ക്വിക്കെ സെറ്റിയനിലും മെസിയും പീക്കെയുമടങ്ങുന്ന മുതിർന്ന താരങ്ങൾ തൃപ്തരല്ല. 2016-17 സീസണിനു ശേഷം ഇതാദ്യമായി ലാ ലീഗ സീസൺ നഷ്ടമായതും മെസിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെൻ്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിലും മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Story Highlights lionel messi may transfer to inter milan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top