ചൂടുവെള്ളത്തിൽ കലർത്തിയ ചെറുനാരങ്ങാ നീരിന് കൊവിഡിനെ ചെറുക്കാൻ കഴിയുമോ? [24 Fact check]

-/അഞ്ജന രഞ്ജിത്ത്

കൊവിഡിനെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇടക്കിടക്ക് ചെറു ചൂടുവെള്ളത്തിൽ കലർത്തിയ നാരങ്ങ നീര് കുടിച്ചാൽ കൊവിഡിനെ ചെറുക്കാമെന്നുള്ളത്. കൊവിഡിനെ അകറ്റാൻ വിറ്റാമിൻ സിക്ക് സാധിക്കുമോ? പരിശോധിക്കാം..

കൊവിഡ് ബാധിതരായ അമിതാബ് ബച്ചനേയും അഭിഷേക് ബച്ചനേയും നിരീക്ഷിക്കുന്ന മുംബൈ നാനാവതി ആശുപത്രിയിലെ ഡോക്ടർമാർ കൊവിഡ് ബാധിതർക്ക് നിർദേശിച്ച മരുന്നെന്ന രീതിയിലാണ് ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നാനാവതി ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.അൻസാരിയുടേയും ഡോ.ലിമായെയുടെ പേരിലാണ് പ്രചാരണം. നിലവിൽ കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ നൽകുന്ന ചികിത്സയ്‌ക്കൊപ്പം ഇത്തരം ഭക്ഷണവും നൽകുന്നുണ്ടത്രേ..

ചൂടുവെള്ളത്തിലുളള നാരങ്ങ വെള്ളം ഇടവിട്ട് രോഗികൾക്ക് നൽകും, ചൂട് പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മറ്റൊരു വാദം. നിരവധി ഭാഷകളിൽ ഈ പൊടിക്കെകൾ ഒരുപാട് പേർക്ക് ലഭിച്ചിട്ടുണ്ടാവും. എന്നാൽ, കൊവിഡ് ബാധിതനായി മുംബൈ നാനാവതി ആശുപത്രിയിൽ കഴിയുന്ന അമിതാബ് ബച്ചനെ ചികിത്സിച്ച ഡോക്ടർമാർ ഇത്തരത്തിലൊരു നിർദേശം പങ്കുവച്ചിട്ടില്ല.

പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് മുംബൈ നാനാവതി ഹോസ്പിറ്റൽ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. വിറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കും, എന്നാൽ കൊവിഡ് ബാധിതർക്ക് രോഗം ചെറുക്കാനായി ഇത്തരത്തിൽ ഒരു നിർദേശവും ആരോഗ്യവിദഗ്ധർ നൽകിയിട്ടില്ല. പ്രചരിക്കുന്ന പോലെ മഞ്ഞളോ, ഇഞ്ചിയോ നാരങ്ങയോ കൊവിഡിനെ നശിപ്പിക്കില്ല. അതിനാൽ ഈ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.

ലോകമെമ്പാടും നാശം വിതച്ച മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മൾ. അതിനാൽ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊവിഡിനെ പ്രതിരോധിക്കുക. ഇതിനിടയിൽ വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് സ്വന്തം ജീവൻ അപകടത്തിലാക്കാതിരിക്കുവാൻ ശ്രമിക്കുക. വ്യാജ വാർത്തകൾക്ക് ചില സമയം വൈറസിനെക്കാൾ പ്രഹരശേഷിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top