കണ്ണവം രാഗേഷ് വധക്കേസ്; ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് കുടുംബത്തിന്റെ ആരോപണം

കണ്ണൂർ കണ്ണവത്തെ രാഗേഷ് വധക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് രാഗേഷിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രദേശത്തെ ക്വാറി ഉടമകളിൽ നിന്ന് രാഗേഷിന് വധ ഭീഷണിയുണ്ടായിരുന്നു എന്നും കുടുംബം. എന്നാൽ കേസിൽ ഗൂഡാലോചനയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Read Also : ഉത്രാ വധക്കേസ്;പാമ്പിനെകൊണ്ട് കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎൻഎ റിപ്പോർട്ട്
കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് സിപിഐഎം പ്രവർത്തകനായ തൊടീക്കളം സ്വദേശി രാഗേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള യുടിസി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെ പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആടിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കൊലയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് രാഗേഷിന്റെ കുടുംബം ആരോപിക്കുന്നത്. പ്രദേശത്തെ അനധികൃത ക്വാറിക്കെതിരായ സമരത്തിന് നേതൃത്വം നൽകിയത് രാഗേഷാണ്. ഇതിൽ നിന്ന് പിന്തിരിയാൻ ക്വാറി ഉടമകൾ വൻതുക വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാത്തതിനാൽ വധഭീഷണിയുണ്ടായെന്നും രാഗേഷിന്റെ ഭാര്യ ഷിജി പറഞ്ഞു.
ഗൂഢാലോചന നടത്തിയവരുമായി പൊലീസ് ഒത്തുകളിക്കുന്നുണ്ടെന്നും കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് ആദ്യ ഘട്ടത്തിൽ തയാറായില്ലെന്നും രാഗേഷിന്റെ വീട്ടുകാർ. കേസിൽ മറ്റൊരു അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ് രാഗേഷിന്റെ ബന്ധുക്കൾ. എന്നാൽ സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും കൂടുതൽ പ്രതികളില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Story Highlights – kannavam ragesh murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here