തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നു

thiruvananthapuram covid

ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം ജില്ലയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് ഇങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നുവെന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മഹാമാരിയെ എല്ലാ അര്‍ത്ഥത്തിലും പിടിച്ചുനിര്‍ത്താന്‍ സര്‍വ ശക്തിയും ഉപയോഗിക്കേണ്ട ഘട്ടമാണ് ഇത്. ഒരു തരത്തിലുള്ള അലംഭാവവും ഉണ്ടാകാന്‍ പാടില്ല. ഗൗരവബോധവും ജാഗ്രതയും കൈവിട്ടുകൂടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്.

Read Also : കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് ഇനിമുതല്‍ പുതിയ രീതി; കര്‍ശന നിയന്ത്രണം

ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്ക വിലക്ക് ലംഘിക്കുക ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇത് രോഗ വ്യാപന തോത് വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിന് നല്‍കുകയാണ്. ക്വാറന്റൈന്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്. പുറത്തിറങ്ങിയാല്‍ കടുത്ത നടപടി ഉണ്ടാകും. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം.

Read Also : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തണം. ക്വാറന്റീനില്‍ കഴിയുന്നവര്‍, ആശുപത്രിയില്‍ കഴിയുന്നവര്‍ കടന്നുകളയുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ആളുകളെ കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം. അതോടൊപ്പം പ്രധാനമാണ് പോസിറ്റീവായവരുടെ കോണ്ടാക്ടുകള്‍ കണ്ടെത്തുകയെന്നത്. പ്രൈമറി സെക്കന്‍ഡറി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ആ നടപടി പൊലീസ് നേരിട്ട് നിര്‍വഹിക്കണം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം ഇതിനായി പ്രവര്‍ത്തിക്കണം.

പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നല്‍കുകയാണ്. 24 മണിക്കൂറിനകം പൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights number of large clusters increasing in thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top