Advertisement

പൊലീസ് ആസ്ഥാനം ഭാഗീകമായി അടച്ചിടും: മുഖ്യമന്ത്രി

August 3, 2020
Google News 2 minutes Read
police headquarters

രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഭാഗീകമായി ഏതാനും ദിവസത്തേക്ക് അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പൊലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണത്തിനായാണ് ഈ നടപടി സ്വീകരിക്കുന്നത്. അണുനശീകരണം പൂര്‍ത്തിയായ ശേഷം പൊലീസ് ആസ്ഥാനം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പൊലീസ് നടപടി കര്‍ശനമാക്കും.

Read Also : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്ക വിലക്ക് ലംഘിക്കുക ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇത് രോഗ വ്യാപന തോത് വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിന് നല്‍കുകയാണ്. ക്വാറന്റൈന്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്. പുറത്തിറങ്ങിയാല്‍ കടുത്ത നടപടി ഉണ്ടാകും. സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം.

Read Also : സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തണം. ക്വാറന്റീനില്‍ കഴിയുന്നവര്‍, ആശുപത്രിയില്‍ കഴിയുന്നവര്‍ കടന്നുകളയുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ആളുകളെ കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം. അതോടൊപ്പം പ്രധാനമാണ് പോസിറ്റീവായവരുടെ കോണ്ടാക്ടുകള്‍ കണ്ടെത്തുകയെന്നത്. പ്രൈമറി സെക്കന്‍ഡറി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ആ നടപടി പൊലീസ് നേരിട്ട് നിര്‍വഹിക്കണം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം ഇതിനായി പ്രവര്‍ത്തിക്കണം.

Read Also : കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് ഇനിമുതല്‍ പുതിയ രീതി; കര്‍ശന നിയന്ത്രണം

പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നല്‍കുകയാണ്. 24 മണിക്കൂറിനകം പൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയ്ന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ കര്‍ശനമാക്കും.

പൊലീസ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ആശുപത്രികള്‍, പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹ, മരണ വീടുകള്‍ ഇങ്ങനെ ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഇത്തരത്തില്‍ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിന് സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെയെ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Police headquarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here