അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീഷണിയിലാഴ്ത്തിയ മോഷ്ടാവ് പിടിയില്‍; വീഡിയോ

അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീഷണിയിലാഴ്ത്തിയ മോഷ്ടാവ് പിടിയില്‍. കാര്‍ത്തികപ്പള്ളി മാണിക്കേത്ത് വീട്ടില്‍ അജിത് തോമസിനെയാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. ഇയാളെ പിടിക്കുന്നതിനായി പൊലീസ് ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരുന്നു

എറണാകുളത്ത് ഫ്‌ളാറ്റില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു അജിത് തോമസ്. കരുവാറ്റയിലെ സമ്പന്നകുടുബത്തിലെ അംഗമാണ് ഇയാള്‍. എന്നാല്‍ രാത്രികാലങ്ങളില്‍ പണി മോഷണവും. 2015 മുതല്‍ ഹരിപ്പാട്, കരുവാറ്റ, താമല്ലാക്കല്‍ പ്രദേശങ്ങളിലെ 80ഓളം വീടുകളില്‍ നിന്നും സ്വര്‍ണം ഉള്‍പ്പടെ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷമായി. ഒടുവില്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. ഒടുവില്‍ മോഷണം നടന്ന വീടുകളെ ഏകോപിപ്പിച്ചു മാപ്പ് തയാറാക്കി. മോഷ്ടാവിന്റെ സഞ്ചാരപാത മനസിലാക്കി.

ഇന്ന് പുലര്‍ച്ചെ കെവി ജെട്ടിക്ക് സമീപമുള്ള വീട്ടില്‍ ഇയാള്‍ മോഷണം നടത്താന്‍ എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തിരികെ വരുമ്പോള്‍ കരുവാറ്റ ഇടക്കണംമ്പള്ളി ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് അജിത് തോമസിനെ പിടികൂടിയത്. ഇയാളെ മോഷണം നടത്തിയ വീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം ഡിവൈ. എസ്പി അലക്‌സ് ബേബി, മാവേലിക്കര, ഹരിപ്പാട് ഇന്‍സ്പെക്ടര്‍മാരായ ബി വിനോദ്, ആര്‍ ഫയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

Story Highlights Thief nabbed in Harippad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top