തൃശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത് പണം നൽകിയില്ല; 7500 രൂപ വെട്ടിച്ചയാളെ തേടി ഓട്ടോ ഡ്രൈവർ

man fools auto driver

ചാലക്കുടിയിലെ ഒരു ഓട്ടോ ഡ്രൈവറാണ് രേവത്. ഓട്ടോ ഡ്രൈവർ രേവത് ജീവിതത്തിൽ കെട്ടിയ പല വേഷങ്ങളിൽ ഒന്ന് മാത്രമായിരുന്നു. നാടൻ പാട്ടുകളുടെയും കലാഭവൻ മണിയുടെയും ആരാധകനായ ഈ യുവാവ് ഉപജീവനത്തിനായി പല വേഷങ്ങളും കെട്ടിയാടി. കലാഭവൻ മണിയുടെ നാടൻ പാട്ടിൻ്റെ സിഡികൾ ഉത്സവ പറമ്പുകളിൽ വിറ്റായിരുന്നു രേവതിൻ്റെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ, മറ്റ് പലരെയും പൊലെ കൊവിഡ് കാലം രേവതിൻ്റെ ഉപജീവനവും തകർത്തു. അങ്ങനെ മുച്ചക്ര വാഹനവുമായി അദ്ദേഹം ജീവിതത്തോട് പടവെട്ടാൻ തുടങ്ങി.

Read Also : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തരക്കേടില്ലാത്ത നിലയിൽ ജീവിതം മുന്നോട്ടു പോവുകയായിരുന്നു. ഓട്ടോറിക്ഷ രേവതിൻ്റെ അത്താണിയായി. അങ്ങനെയിരിക്കെ, കഴിഞ്ഞ മാസം 28ന് രാത്രി ഒരാൾ രേവതിൻ്റെ അരികിലെത്തി. “അമ്മ മരിച്ചു. തിരുവനന്തപുരം വരെ എത്തണം. കൊണ്ടുവിടാനാവുമോ?” എന്നായിരുന്നു അയാളുടെ ചോദ്യം. സമയം പത്തരയായി. ഓട്ടം നിർത്തി വീടണയാനുള്ള തയ്യാറെടുപ്പിലായിരുന്നു രേവത്. “ഞാൻ നടൻ ദിലീപിൻ്റെ അസിസ്റ്റൻ്റ് ആണ്”- അപരിചിതൻ തുടർന്നു. അമ്മയും സിനിമയും. മലയാളിയുടെ താത്പര്യങ്ങളിൽ പെട്ട രണ്ട് വിഷയങ്ങൾ. പക്ഷേ, അപരിചിതൻ്റെ അടുത്ത വെളിപ്പെടുത്തൽ രേവതിന് സംശയമുണ്ടാക്കി. കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞയാളെ രേവത് സംശയത്തോടെ നോക്കി. ചുവപ്പ് ഷർട്ടും ഓറഞ്ച് നിറത്തിൽ മുണ്ടും ഒരു ബാക്ക്പാക്കും. മുടി നീട്ടി വളർത്തിയിരുന്നു. രേവതിൻ്റെ സംശയ നോട്ടം കണ്ട് അയാൾ അളിയനെന്ന് പരിചയപ്പെടുത്തി ആരെയോ വിളിച്ച് നൽകി. പണം നൽകാമെന്ന് അയാളും ഉറപ്പ് നൽകിയതോടെ രേവത് വണ്ടി എടുത്തു. ഡീസലടിക്കാനുള്ള പണം സുഹൃത്തുക്കളിൽ നിന്ന് വാങ്ങി യുവാവ് തലസ്ഥാന നഗരിയിലേക്ക് വാഹനം ഓടിച്ചു.

Read Also : പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐയ്ക്ക് കൂടി കൊവിഡ്; എഫ്‌സിഐ ഗോഡൗണില്‍ ഏഴ് തൊഴിലാളികള്‍ക്കും രോഗം

കരുനാഗപ്പള്ളി എത്തിയപ്പോൾ വിശപ്പിൻ്റെ വിളി. ഓട്ടോയിലെ അപരിചിതന് ഇയാൾ ഭക്ഷണം വാങ്ങി നൽകി. അങ്ങനെ തിരുവനന്തപുരത്ത് എത്തി. അമ്മ നെയ്യാറ്റിൻകരയിലാണ്, അങ്ങോട്ട് പോകണമെന്ന ആളുടെ അഭ്യർത്ഥന മാനിച്ച് വണ്ടി നെയ്യാറ്റിൻകരയിലേക്ക്. നെയ്യാറ്റിൻകരയിൽ എത്തിയപ്പോൾ അമ്മ അവിടെയല്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണെന്നായി. വണ്ടി വീണ്ടും തിരിച്ചുവിട്ടു. ജനറൻ ആശുപത്രിയുടെ അകത്തേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നോക്കിയിട്ട് വരാമെന്നു പറഞ്ഞ് അപരിചിതൻ പുറത്തിറങ്ങി. പണമില്ലാത്തതിനാൽ 1000 രൂപയും വാങ്ങി അയാൾ ആശുപത്രിയിലേക്ക് നടന്നു.

‘പിന്നെ ആളെ കണ്ടിട്ടില്ല.’- രേവത് പറയുന്നു. വണ്ടിക്കൂലി 6500 രൂപയും കടം നൽകിയ 1000 രൂപയും സഹിതം അയാൾക്ക് നഷ്ടം 7500 രൂപ. ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ആൾ വന്നില്ല. പ്രതീക്ഷ നശിച്ച് മടങ്ങിയ രേവത് തമ്പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണം നടക്കുകയാണെന്നും പറ്റിച്ചയാളെ കണ്ടുകിട്ടിയിട്ടില്ലെന്നും തമ്പാനൂർ പൊലീസ് അറിയിച്ചു.

Story Highlights man fools auto driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top