വിവോ പിന്മാറുക ഈ സീസണിൽ മാത്രം; കൺകെട്ട് വിദ്യയുമായി ബിസിസിഐ

vivo exit ipl season

ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രം. 2021ൽ വിവോ തിരികെയെത്തി 2023 വരെ തുടരും. ചൈനയുമായി തുടരുന്ന അതിർത്തി തർക്കങ്ങൾ കത്തി നിൽക്കുന്ന സമയമായതു കൊണ്ട് തന്നെ ഈ സീസണിൽ വിവോ ഐപിഎൽ സ്പോൺസർ ചെയ്താൽ ആരാധക രോഷം ഉണ്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി വിവോയെ മാറ്റി നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് മാത്രമായി ബിസിസിഐ ഒരു സ്പോൺസറെ തിരയുകയാണ്.

Read Also : പ്രതിഷേധം ഫലം കണ്ടു; ഐപിഎൽ സ്പോൺസർ സ്ഥാനത്തു നിന്ന് വിവോ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

ഗാൽവൻ താഴ്‌വരയിൽ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ചൈനീസ് ആപ്പുകളും ഉപകരണങ്ങളും ബഹിഷ്കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചത്. ഇതിനു പിന്നാലെ ഇന്ത്യ ടിക്ക്‌ടോക്ക് ഉൾപ്പെടെ 106 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു. ഇതിനു പിന്നാലെ കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ചുവടു പിടിച്ച് ചൈനീസ് കമ്പനിയായ വിവോയെ ഐപിഎൽ സ്പോൺസർഷിപ്പ് സ്ഥാനത്തു നിന്ന് മാറ്റുമെന്ന് അഭ്യൂഹം ഉയർന്നു. എന്നാൽ, വിവോയെ മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങളും ഉയർന്നു. ഇതേ തുടർന്നാണ് ഒരു സീസണിൽ വിവോയെ മാറ്റി നിർത്തി മുഖം രക്ഷിക്കാൻ ബിസിസിഐ ശ്രമിക്കുന്നത്.

Read Also : സ്പോൺസർമാരായി വിവോ തുടരും; ട്വിറ്ററിൽ ‘ബോയ്കോട്ട് ഐപിഎൽ’ ക്യാമ്പയിൻ

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. മറ്റ് രണ്ട് കമ്പനികളുമായും ബിസിസിഐയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ കരാറാണുള്ളത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights vivo exit from ipl for this season only

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top