കൂട്ടനൃത്തം ചെയ്ത് മരണപ്പെട്ട 400 ആളുകളും തണുത്തുറഞ്ഞ പെൺകുട്ടിയും; ചുരുളഴിയാത്ത 7 രഹസ്യങ്ങൾ

7 unsolved mysteries

1.നൃത്ത പ്ലേഗ്/ നൃത്ത മഹാമാരി

1518നായിരുന്നു വിചിത്രമായ ഈ സംഭവവികാസത്തിൻ്റെ തുടക്കം. വടക്കുകിഴക്കൻ ഫ്രാൻസിലെ സ്ട്രാസ്ബർഗ് എന്ന സ്ഥലത്തെ തെരുവിൽ ഒരു യുവതി നൃത്തം ചെയ്യാൻ തുടങ്ങി. ചിലർ ആ യുവതിക്ക് ട്രോഫിയ എന്ന് പേരും നൽകുന്നുണ്ട്. അവസാനിക്കാത്ത ആ നൃത്തം ദിവസങ്ങളോളം നീണ്ടു. ഒരാഴ്ചക്കുള്ളിൽ അവർക്കൊപ്പം 34 പേർ കൂടി ചേർന്നു. ഒരു മാസം കൊണ്ട് ആ സംഘനൃത്തം നൂറുകണക്കിന് ആളുകളിലേക്ക് വ്യാപിച്ചു. തുടർച്ചയായ നൃത്തത്തിൽ ക്ഷീണിച്ച് 400 പേർ മരിച്ചെന്നും ആരും മരണപ്പെട്ടില്ലെന്നും മരണ സംഖ്യ കൃത്യമായി അറിയില്ലെന്നും മൂന്ന് വാദങ്ങൾ നിലനിൽക്കുന്നു.

പ്രത്യേക തരം ഭക്ഷ്യവിഷബാധ, മാസ് ഹിസ്റ്റീരിയ എന്നിങ്ങനെ ഒന്നുരണ്ട് സാധ്യതകൾ ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രം പറയുന്നുണ്ടെങ്കിലും ഒന്നിനും കൃത്യമായ തെളിവില്ല.

2.വെള്ളത്തിനടിയിലെ പിരമിഡുകൾ

1986ൽ ജപ്പാനിലെ യോനഗുനി ദ്വീപിനരികെ നിന്നാണ് ആദ്യമായി ഇത്തരം രൂപങ്ങൾ കണ്ടെത്തിയത്. 5 നിലകളോളം വലിപ്പമുള്ള വലിയ കൽ രൂപങ്ങളും പിരമിഡുകളും കൽ പ്രതിമകളും അവിടെ മുൻപ് ഒരു ജീവിത സംസ്കാരം ഉണ്ടായിരുന്നു എന്ന സൂചന നൽകി. 2000 വർഷങ്ങൾക്കു മുൻപ് കനത്ത ഭൂമികുലുക്കത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിപ്പോയ ജനതയുടെ ബാക്കിയെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ഇതിന് 5000 വർഷത്തോളം പഴക്കം ഉണ്ടാവാമെന്ന് മറ്റു ചിലർ പറയുന്നു. എന്നാൽ, അങ്ങനെയൊന്നുമല്ലെന്നും സ്ഥിരമായ ചലനങ്ങൾ കൊണ്ട് ജലം രൂപപ്പെടുത്തിയ കല്ലുകൾ മാത്രമാണ് ഇതെന്നും വേറെ ചില വാദങ്ങളുമുണ്ട്. ഇപ്പോഴും കൃത്യമായ ഒരു നിഗമനത്തിലെത്താൻ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല.

Yonaguni - Jima | Underwater city, Underwater ruins, Sunken city

Read Also : ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ് ബാധ; 60 ഓളം രോഗികൾ; ഏഴ് മരണം

3.ആമസോൺ മഴക്കാടുകളിലെ ജിയോഗ്ലിഫുകൾ

ഭൗമോപരിതലത്തിലെ പ്രത്യേക തരം അടയാളങ്ങളാണ് ജിയോഗ്ലിഫുകൾ. ആമസോൺ മഴക്കാടുകളിൽ ആകെ കണ്ടെത്തിയിരിക്കുന്നത് 450 ജിയോഗ്ലിഫുകളാണ്. അവയിൽ ചിലതിന് 3000-3500 വർഷങ്ങൾ പഴക്കമുണ്ടാവാം എന്നാണ് നിഗമനം. ഇവ പഴയ ഗ്രാമങ്ങളോ വലിയ ഹാളോ ഒക്കെയാവാം എന്നാണ് ശാസ്ത്രലോകത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ. വൃക്ഷങ്ങൾ നിറഞ്ഞുനിന്നിരുന്നതു കൊണ്ട് കാണാൻ കഴിയാതിരുന്ന ഇവ വനനശീകരണത്തെ തുടർന്നാണ് ശാസ്ത്രം കണ്ടെത്തിയത്. അപ്പോഴും ഇതിനുള്ള ശരിയായ കാരണമെന്തെന്നത് അജ്ഞാതമാണ്.

In Photos: Mysterious Amazonian Geoglyphs | Live Science

4.ഭൂമികുലുക്കത്തിലെ മിന്നൽ

ഭൂമികുലുക്കത്തിനിടെയുണ്ടാവുന്ന മിന്നൽ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിന്നൽ എന്ന് കൃത്യമായി പറയാനാവില്ലെങ്കിലും മിന്നൽ പോലെ പ്രകാശം ഉണ്ടാവാറുണ്ട്. വളരെ അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് പല തരത്തിലുള്ള വിശദീകരണങ്ങൾ ശാസ്ത്രം നൽകുന്നുണ്ടെങ്കിലും കൃത്യമായ ഒരു നിഗമനത്തിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Earthquake lights facts and information

5.തണുത്തുറഞ്ഞ പെൺകുട്ടി

1980 ഡിസംബർ 20ന് ജീൻ ഹില്ല്യാർഡ് എന്ന 19കാരി അമേരിക്കയിലെ മിന്നസോട്ടയിലൂടെ കാറോടിക്കുകയായിരുന്നു. പെട്ടെന്ന് കാർ പണിമുടക്കിയതോടെ അവൾ അടുത്തുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് നടക്കാൻ ആരംഭിച്ചു. എന്നാൽ, അതിശൈത്യത്തിൽ തണുത്തുറഞ്ഞ ജീൻ ബോധം നഷ്ടപ്പെട്ട് നിലത്തുവീണു. മൈനസ് 22 ഡിഗ്രി സെൽഷ്യസ് താപനിലയിൽ അവൾ കിടന്നത് 6 മണിക്കൂറാണ്.

തണുത്തുറഞ്ഞ നിലയിലാണ് അവളെ കണ്ടെത്തിയത്. ജീവനുള്ളതിൻ്റെ യാതൊരു ലക്ഷണങ്ങളും ജീൻ കാണിച്ചിരുന്നില്ല. തെർമോമീറ്ററിൽ അറിയാൻ കഴിയുന്ന ശരീര താപനില പോലും അവൾക്ക് ഉണ്ടായിരുന്നില്ല. മുഖം ചാരനിറമായിരുന്നു. കണ്ണുകളാവട്ടെ, പ്രകാശത്തോട് പ്രതികരിക്കുന്നുമില്ല. ഇഞ്ചക്ഷൻ കൊടുക്കാൻ കഴിയാത്ത വിധം ശരീരം ഉറച്ചിരുന്നു. മിനിട്ടിൽ 12 ആയിരുന്നു പൾസ് റേറ്റ്. ഡോക്ടർമാർ അവളെ ഇലക്ട്രിക് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചൂട് നൽകിക്കൊണ്ടിരുന്നു. മരണം ഉറപ്പിച്ചെന്ന് ഡോക്ടർമാർ വിധി എഴുതവേ രണ്ട് മണിക്കൂറുകൾക്ക് ശേഷം അവൾക്ക് ബോധം വന്നു. 3 ദിവങ്ങൾ കൊണ്ട് അവൾക്ക് കാലുകൾ ചലിപ്പിക്കാമെന്നായി. 6 ആഴ്ച കൊണ്ട് ജീൻ പൂർണ ആരോഗ്യവതിയായി. പഴയ സിനിമകളിലെ ക്ലീഷേ പ്രയോഗമായ മെഡിക്കൽ മിറക്കിൾ എന്ന പ്രതിഭാസത്തിൻ്റെ റിയൽ ലൈഫ് എക്സാംപിൾ!

6.പ്രേതക്കപ്പൽ

അമേരിക്കയിലെ ഒരു വാണിജ്യ പായ്ക്കപ്പലായിരുന്നു കരോൾ എ ഡീറിങ്. 1920 ഡിസംബർ 2ന് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് പുറപ്പെട്ട കപ്പൽ 1921 ജനുവരി 28ന് കാണാതായി. ജനുവരി 31ന് കോസ്റ്റ്ഗാർഡ് കപ്പൽ കണ്ടെത്തി. നിരവധി കപ്പലുകൾ തകർന്ന, അറ്റ്ലാൻ്റിക്കിലെ ശവപ്പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് കപ്പൽ കണ്ടെത്തിയത്. മോശം കാലാവസ്ഥ മൂലം ഫെബ്രുവരി 4ന് മാത്രമേ കപ്പൽ തീരത്ത് എത്തിക്കാനായുള്ളൂ. ഒരു മനുഷ്യൻ പോലും കപ്പലിൽ ഉണ്ടായിരുന്നില്ല. ഡെക്കിൽ ഭക്ഷണപദാർത്ഥങ്ങൾ നിറച്ചിരുന്നു. നങ്കൂരം, കപ്പൽ ജോലിക്കാരുടെ വ്യക്തിപരമായ സാധനങ്ങൾ, ദിക്കറിയാനുള്ള ഉപകരണങ്ങൾ, കപ്പലിലെ രണ്ട് ലൈഫ് ബോട്ടുകൾ എന്നിവ കാണാനില്ലായിരുന്നു. സ്റ്റിയറിങ് കൺട്രോൾ തകർക്കപ്പെട്ടിരുന്നു.

അഞ്ച് വിഭാഗങ്ങൾ ഒരുമിച്ച് കപ്പലിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കപ്പൽ കണ്ടെത്തിയ സ്ഥലത്ത് മറ്റ് കപ്പലുകളും തകർന്നിട്ടുണ്ടെന്നും അവ പിന്നീട് കടലിലൂടെ ഒഴുകി നടന്നിരുന്നു എന്നും ഇവർ കണ്ടെത്തി. എങ്കിലും ഈ കപ്പൽ എങ്ങനെ എവിടെ എത്തിയെന്നോ എങ്ങനെ അതിൽ ഭക്ഷണപദാർത്ഥങ്ങൾ എത്തിയെന്നോ കപ്പലിലെ ആളുകളും സാധനങ്ങളും എവിടെപ്പോയെന്നോ കണ്ടെത്താനായില്ല. 1922ൽ ഉത്തരമില്ലാതെ അന്വേഷണം അവസാനിപ്പിച്ചു.

The mystery of the Carroll A Deering schooner | Creepy ghost stories,  Creepy ghost, Ghost stories

Read Also : തെരുവുനായയെ ദത്തെടുത്ത് സെയിൽസ്മാൻ ആക്കി ഹ്യുണ്ടായ് ഷോറൂം; ചിത്രങ്ങൾ വൈറൽ

7.മഴ മനുഷ്യൻ

അമേരിക്കയിലെ പെനിസിൽവേനിയയിൽ 1983ന് ഡോൺ ഡെക്കർ എന്ന യുവാവിൻ്റെ മുത്തച്ഛൻ മരണപ്പെട്ടു. സ്ഥലത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന 21കാരൻ ഡെക്കറിന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചു. ചടങ്ങിനു ശേഷം ജെയിംസിൻ്റെ വീട്ടിൽ താമസിച്ച ഡോണും സുഹൃത്തുക്കൾക്കും വളരെ വിചിത്രമായ ഒരു അനുഭവമുണ്ടായി. മേൽക്കൂരയിൽ നിന്ന് വെള്ളം ഇറ്റുവീഴുകയും മതിലിലൂടെ വെള്ളം ഒഴുകുകയും ചെയ്യുന്നതുകണ്ട അവർ പൈപ്പ് പൊട്ടിയതാണെന്ന് കരുതിയെങ്കിലും അന്വേഷണത്തിൽ ജല പൈപ്പുകൾ അവിടെയില്ലെന്ന് കണ്ടെത്തി. എവിടെ നിന്ന് വെള്ളം വരുന്നു എന്ന് കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. മേൽക്കൂരയിൽ നിന്ന് മാത്രമല്ല, തറയിൽ നിന്നും ജലം ഉയർന്ന് മതിലിലൂടെ വശങ്ങളിലേക്ക് സഞ്ചരിക്കുന്നതായും അവർ കണ്ടെത്തി. ലിവിങ് റൂമിൽ മാത്രമായിരുന്നു ഈ പ്രതിഭാസം കണ്ടെത്തിയത്.

പിന്നീട് സുഹൃത്തുക്കൾ ഒരു റെസ്റ്റോറൻ്റിൽ പോയി. അവിടെയും ഇതേ പ്രതിഭാസം കണ്ടു. റെസ്റ്റോറൻ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഇത് അവസാനിക്കുകയും ചെയ്തു. ഇപ്പോഴും ഈ പ്രതിഭാസം എന്തുകൊണ്ടാണെന്നതിനു മറുപടിയില്ല. ഇതൊരു കെട്ടുകഥയാണെന്ന അഭിപായവും നിലനിൽക്കുന്നുണ്ട്.

Don Decker: The Rain Man | Paranorms

ഇനി, ലോകം മുഴുവൻ വിശ്വസിച്ച ഒരു കെട്ടുകഥ:

ആൻഡ്രൂ കാൾസിൻ എന്ന ടൈം ട്രാവലർ

2003 മാർച്ചിലാണ് ആൻഡ്രൂ കാൾസിൻ അറസ്റ്റിലായത്. സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പായിരുന്നു അയാൾ ചെയ്ത കുറ്റം. ഏറെ അപകടം പിടിച്ച 126 സ്റ്റോക്ക് കൈമാറ്റം നടത്തിയ ഇയാൾ എല്ലാത്തിലും വിജയിക്കുകയും 350 മില്ല്യൺ ഡോളർ സ്വന്തമാക്കുകയും ചെയ്തു. വെറും 800 ഡോളറുമായാണ് കാൾസിൻ സ്റ്റോക്ക് കൈമാറ്റം ആരംഭിച്ചത്. പിന്നാലെ എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ താൻ 200 വർഷം ഭാവിയിലേക്ക് ടൈം ട്രാവൽ നടത്തിയെന്നും സ്റ്റോക്ക് കൈമാറ്റത്തെപ്പറ്റി അങ്ങനെയാണ് അറിഞ്ഞതെന്നും ഇയാൾ മൊഴി നൽകി. ശിക്ഷയിൽ ഇളവ് നൽകിയാൽ ഒസാമ ബിൻ ലാദനെപ്പറ്റിയും എയിഡ്സിനുള്ള മരുന്നിനെപ്പറ്റിയുമുള്ള വിവരങ്ങൾ നൽകാമെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. തുടർന്ന് അജ്ഞാതനായ ഒരാൾ കാൾസനെ ജാമ്യത്തിലെടുത്തു. കോടതിയിൽ ഹിയറിംഗിന് ഇയാൾ എത്തിയില്ല. പിന്നെ ഒരിക്കലും ഇയാളെ കണ്ടിട്ടില്ല. ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നില്ലെന്നാണ് സർക്കാർ രേഖകൾ പറയുന്നത്.

വാർത്ത വേഗത്തിൽ പ്രചരിച്ചു. ശാസ്ത്രം അന്തം വിട്ടു. എന്നാൽ, വിശാലമായ അന്വേഷണത്തിൽ ഈ വാർത്ത കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. വീക്‌ലി വേൾഡ് ന്യൂസ് എന്ന ആക്ഷേപഹാസ്യ ദിനപത്രത്തിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സത്യമാണെന്ന് കരുതി യാഹൂ ന്യൂസ് വാർത്ത നൽകി. പിന്നീട് മറ്റ് വാർത്താ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

In the space of two weeks, he turned 800$ investment into $350 mln. |  Varchev Finance

Story Highlights 7 unsolved mysteries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top