ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ ഭേദപ്പെട്ട നിലയിൽ. ഓപ്പണർ ഷാൻ മസൂദിൻ്റെ സെഞ്ചുറിയാണ് പാക് ഇന്നിംഗ്സിനു കരുത്തായത്. ബാബർ അസം, ഷദബ് ഖാൻ എന്നിവരും പാകിസ്താനു വേണ്ടി തിളങ്ങി. ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് പാകിസ്താൻ ഇന്നിംഗ്സ് ആരംഭിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് സ്കോർബോർഡിൽ 36 റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ആബിദ് അലിയുടെ കുറ്റി പിഴുത ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. ക്യാപ്റ്റൻ ആസിഫ് അലി (0) സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. ആസിഫിനെ ക്രിസ് വോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ബാബർ അസം ഷാൻ മസൂദിനൊപ്പം ചേർന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ചേർന്ന് പാകിസ്താനെ 139 റൺസിലെത്തിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എന്ന നിലയിലായിരുന്നു.
Read Also : പാകിസ്താൻ ടീമിനുള്ള പ്രത്യേക സന്ദേശവുമായി വൈറൽ മീമിലെ യുവാവ്; പങ്കുവച്ച് പിസിബി
മൂന്നാം ദിവസം ആരംഭിച്ചപ്പോൾ തന്നെ മനോഹരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ബാബർ അസം മടങ്ങി. തലേ ദിവസത്തെ സ്കോറിനോട് ഒരു രൺ പോലും കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിനായില്ല. 69 റൺസെടുത്ത അസമിനെ ജെയിംസ് ആൻഡേഴ്സൺ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചു. 96 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് അസം മടങ്ങിയത്. ആസാദ് ഷഫീഖ് (7), മുഹമ്മദ് റിസ്‌വാൻ (9) എന്നിവർ വേഗം പുറത്തായി. ആസാദിനെ ബ്രോഡിൻ്റെ പന്തിൽ സ്റ്റോക്സ് പിടികൂടിയപ്പോൾ റിസ്‌വാൻ ക്രിസ് വോക്സിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു.
ആറാം വിക്കറ്റിൽ ഷദബ് ഖാൻ ഷാൻ മസൂദിനൊപ്പം ഒത്തുചേർന്നു. ഇതിനിടെ ഷാൻ മസൂദ് സെഞ്ചുറി തികച്ചു. 105 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും ചേർന്ന് വീണ്ടും പാകിസ്താനെ ട്രാക്കിലെത്തിച്ചു. 45 റൺസെടുത്ത ഷദബ് ഖാനെ ഡോം ബെസ്സ് ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചതോടെ ഈ കൂട്ടുകെട്ട് തകർന്നു. യാസിർ ഷായെ (5) ജോഫ്ര ആർച്ചർ വിക്കറ്റിനു മുന്നിൽ കുരുക്കി. തൊട്ടടുത്ത പന്തിൽ മൊഹമ്മദ് അബ്ബാസിനെ ജോ റൂട്ട് പിടികൂടി. 9ആം വിക്കറ്റിൽ ക്രീസിലെത്തിയ ഷഹീൻ അഫ്രീദി ഷാൻ മസൂദിന് പിന്തുണ നൽകി. ചായക്ക് പിരിയുമ്പോൾ പാകിസ്താൻ 8 വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് നേടിയിരിക്കുന്നത്. ഷാൻ മസൂദ് (151), ഷഹീൻ അഫ്രീദി (1) എന്നിവരാണ് ക്രീസിൽ. 21 റൺസിൻ്റെ അപരാജിതമായ കൂട്ടുകെട്ടാണ് ഇവർ 9ആം വിക്കറ്റിൽ കുറിച്ചിരിക്കുന്നത്.
Story Highlights – pakistan vs england second day tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here