രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന തുടരുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന തുടരുന്നു. കർണാടകയിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഉത്തർപ്രദേശിൽ വൈദ്യുതി വകുപ്പ് വിജിലൻസ് യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരിൽ ഒരാൾ ബോളിവുഡ് നടി ദിശ പത്താനിയുടെ അച്ഛനാണ്.
അതേസമയം, അനുമതിയില്ലാതെ കൊവിഡ് കെയർ സെന്റർ സന്ദർശിച്ചതിന് ബിജെപി എംഎൽഎ സുദീപ് റോയ് ബർമനെതിരെ ത്രിപുര സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രയിൽ തീവ്രവ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 10,128 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,461ഉം മരണം 1,681ഉം ആയി. കർണാടകയിൽ ആകെ പോസിറ്റീവ് കേസുകൾ 1,51,449. ആകെ മരണം 2,804. 24 മണിക്കൂറിനിടെ 100 പേർ മരിച്ചു. 5,619 പുതിയ കേസുകളിൽ 1848ഉം ബംഗളൂരുവിലാണ്. ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 64,881ഉം, മരണം 1162ഉം ആയി. തമിഴ്‌നാട്ടിൽ 5,175ഉം, ഉത്തർപ്രദേശിൽ 4078ഉം, പശ്ചിമ ബംഗാളിൽ 2816ഉം, തെലങ്കാനയിൽ 2012ഉം, ഗുജറാത്തിൽ 1078ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നില മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 89.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 1076 പോസിറ്റീവ് കേസുകളും 11 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
Story Highlights – number of covid cases in country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here