പെട്ടിമുടി മണ്ണിടിച്ചിൽ: ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങൾ

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്‌സ് എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചിൽ ആരംഭിച്ചത്.
മണ്ണുമാന്തി യന്ത്രങ്ങൾ കൂടുതലായി എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി എസ്പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പൊലീസ് നായ്ക്കളെ പെട്ടിമുടിയിൽ എത്തിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. സമീപത്തെ പുഴയിൽ തെരച്ചിൽ നടത്തുവാനായി മുങ്ങൽ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മഴ ശക്തമാക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നത്.
81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 20 ഓളം വീടുകളാണ് മണ്ണിനടിയിലായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
Story Highlights – pettimudi landslide 41 dead body found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here