കരിപ്പൂർ വിമാനാപകടത്തിന് ഇടയിൽ സിപിഐഎം പ്രവർത്തകൻ യാത്രക്കാരുടെ ബാഗേജുകൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് വ്യാജവാർത്ത [24 fact check]

-/ ക്ലിൻഡി സി കണ്ണാടി
മലപ്പുറം കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് നിരവധി വ്യാജ വാർത്തകൾ. അതിലൊന്ന് കരിപ്പൂരിൽ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ച സിപിഐഎം പ്രവർത്തകനെ പൊലീസ് പിടികൂടി എന്ന് വ്യാജപ്രചാരണമാണ്.
കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ സിപിഐഎം പ്രവർത്തകൻ യാത്രക്കാരുടെ ബാഗേജുകൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചുവെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് നിരവധി പേര്‍ ഈ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചു. പാണക്കാട് സ്വദേശി അഫ്‌സൽ എന്നയാളെ പിടികൂടിയെന്നും പോസ്റ്റിൽ പറയുന്നു.
അൻസർ അഹമ്മദ് എന്ന വ്യക്തിയുടെ പ്രൊഫൈലിൽ നിന്നുമാണ് ഈ പോസ്റ്റ്. എന്നാൽ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് കരിപ്പൂർ പൊലീസ് വ്യക്തമാക്കി.
പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഫ്‌സൽ പാണക്കാടിന്റെ പ്രൊഫൈലിൽ ഇത് വ്യാജ പ്രചാരണമാണെന്നും പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് ഏഴ് വർഷത്തെ പഴക്കമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ ഇത്തരമൊരു വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്‌സൽ തന്റെ പോസ്റ്റിലൂടെ അറിയിച്ചു.
Story Highlights – fake news, 24 fact check, karipur flight crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here