നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാന്‍ സാധ്യത: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2800 കൊവിഡ് പരിശോധനകള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 288 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരത്ത് സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് ചുമതല നല്‍കിയിട്ടുണ്ട്. മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇവര്‍ നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കല്‍പറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്.
Story Highlights – Neyyattinkara Municipality, Kallikad and Vellarada, large community clusters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here