രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി സച്ചിന്‍ പൈലറ്റ് ; രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും ഇതുവരെയും രാഹുലിന്റെ ഓഫീസ് സമയം നല്‍കിയിട്ടില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തി.

സച്ചിന്‍ പൈലറ്റ് നേരത്തെ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തണമെന്നും പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്കാ ഗാന്ധി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, പ്രശ്‌നം പരിഹരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന്‍ പക്ഷത്തെ വിമത എംഎല്‍എമാര്‍ തള്ളി. അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും വിമത എംഎല്‍എമാര്‍ നിലപാട് അറിയിച്ചു.

സര്‍ക്കാരിലും കോണ്‍ഗ്രസിലും കാലപമുണ്ടാക്കിയ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തെ എംഎല്‍എമാരുടെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Story Highlights – sachin piolt seeks time to meet Rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top