ഇത് മോഹൻലാലിന്റെ കുട്ടിക്കാലം അല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം [24 Fact check]

-/അശ്വതി ഗോപി

മോഹൻലാലായാലും മമ്മൂട്ടിയായാലും മലയാളിക്ക് വെറും നടന്മാരല്ല. മറിച്ച് ഹൃദയത്തെ തൊടുന്ന വികാരമാണ്. അത് കൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളുമൊക്കെ ആഘോഷിക്കപ്പെടുകയും ചെയ്യും. കുഞ്ഞു മോഹൻലാലിന്റേതെന്ന പേരിൽ ആരോ പ്രചരിപ്പിച്ച ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഒരു മോഹൻലാൽ സിനിമ പോലെ ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോൾ. യഥാർത്ഥത്തിൽ ആ ചിത്രം മോഹൻലാലിന്റെ കുട്ടിക്കാലത്തേതാണോ? പരിശോധിക്കാം.

മോഹൻലാൽ അമ്മയോടൊപ്പം എന്ന പേരിൽ പ്രചരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാൽ, ചിത്രത്തിലുള്ളത് മോഹൻലാലോ അദ്ദേഹത്തിന്റെ അമ്മയോ അല്ല. മോഹൻലാലിന്റെ ഫോട്ടോകളെക്കുറിച്ച് ആധികാരികമായ അറിവുള്ള മുതിർന്ന ഫോട്ടോഗ്രാഫർ ആർ ഗോപാലകൃഷ്ണനാണ് ഇത് സ്ഥിരീകരിച്ചത്. അത് തന്റെ കുട്ടിക്കാലത്തെ ചിത്രമല്ലെന്നു മോഹൻലാൽ തന്നെ അദ്ദേഹത്തോട് പറഞ്ഞതായി ഗോപാലകൃഷ്ണൻ അവകാശപ്പെടുന്നു.

മോഹൻലാലിന്റെ ചെറുപ്പം മുതലുള്ള നിരവധി ചിത്രങ്ങളുടെ ശേഖരത്തിനുടമയാണ് ഗോപാലകൃഷ്ണൻ. മോഹൻലാലിന്റെ ജീവിത ചിത്രങ്ങളുൾപ്പെടുത്തി മൂന്നു ഫോട്ടോ പ്രദർശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ പ്രദർശനങ്ങൾ കാണാൻ മോഹൻലാൽ നേരിട്ടെത്തുകയും ചെയ്തിട്ടുണ്ട്.

താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും അവരുടെ ജീവിത മുഹൂർത്തങ്ങളുമൊക്കെ നമ്മൾ കണ്ണും പൂട്ടി ഷെയർ ചെയ്യുന്നത് പലപ്പോഴും അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ്. എന്നാൽ, സോഷ്യൽ മീഡിയയിലെ ഫോട്ടോ പ്രളയകാലത്ത് ഇങ്ങനെ ചെയ്യുന്നത് ചിലപ്പോഴൊക്കെ അബദ്ധമാകാമെന്ന് ‘കുഞ്ഞു മോഹൻലാലിന്റേതല്ലാത്ത’ ചിത്രം ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിക്കുന്നു.

Story Highlights -mahanlal’s child hood, Fake news 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top