പിങ്ക് സാരിയിൽ അതിമനോഹരി; ഭാര്യയുടെ ഓർമയ്ക്ക് പ്രതിമ നിർമിച്ച് കർണാടക സ്വദേശി

വെള്ള സോഫയിൽ പിങ്ക് സാരി ധരിച്ച് അതിമനോഹരിയായി ഒരു സ്ത്രീ. തൊട്ടടുത്ത് ചേർന്ന് ഭർത്താവ് ഇരിക്കുന്നുണ്ട്. ഭർത്താവ് സംസാരിക്കുന്നുണ്ടെങ്കിലും ഭാര്യ അനങ്ങുന്നില്ല, കാരണം അതൊരു പ്രതിമയായിരുന്നു. മൂന്ന് വർഷം മുൻപ് അന്തരിച്ച ഭാര്യയുടെ ഓർമയ്ക്ക് ഭർത്താവ് നിർമിച്ചതാണ് ആ പ്രതിമ.

കർണാടക കോപ്പാൽ സ്വദേശി ശ്രീനിവാസ് മൂർത്തിയാണ് ഭാര്യ മാധവിയുടെ ഓർമയ്ക്ക് പ്രതിമ നിർമിച്ചത്. പുതിയ വീട്ടിലാണ് ഭാര്യയുടെ പ്രതിമ ശ്രീനിവാസ് മൂർത്തി സ്ഥാപിച്ചിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു പുതിയ വീട്ടിലേക്കുള്ള കയറിത്താമസ ചടങ്ങ് നടന്നത്. ചടങ്ങിൽ പങ്കെടുത്തവർക്ക് മുൻപിൽ ശ്രീനിവാസ മൂർത്തി വികാരാധീതനായി. ‘മൂന്ന് വർഷം മുൻപ് നടന്ന വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ടു. അവളുടെ ഓർമ്മയിൽ എന്തെങ്കിലും പ്രത്യേകം ചെയ്യണമെന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് പ്രതിമ നിർമിച്ചത്’, അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷം മുൻപ് തിരുപ്പതിയിലേക്കുള്ള യാത്രക്കിടെയാണ് മാധവി അപകടത്തിൽപ്പെട്ടത്. കൂടെ രണ്ട് മക്കളും ഉണ്ടായിരുന്നു. മാധവിയും മക്കളും സഞ്ചരിച്ച കാർ, ട്രക്കിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു തന്നെ മാധവി മരിച്ചു. പരുക്കുകളോടെ മക്കൾ രക്ഷപ്പെട്ടു.

സ്വന്തമായി ബംഗ്ലാവ് നിർമിക്കുക എന്നത് മാധവിയുടെ സ്വപ്‌നമായിരുന്നു. ഇതിനായി 25 ഓളം ആർക്കിടെക്റ്റുകളെയാണ് ശ്രീനിവാസ മൂർത്തി സമീപിച്ചത്. എന്നാൽ അവരുടെ ഐഡിയകളൊന്നും ശ്രീനിവാസ മൂർത്തിയ്ക്ക് ഇഷ്ടപ്പെട്ടില്ല. കഴിഞ്ഞ വർഷം ഗഡാഗിലേക്ക് അദ്ദേഹം ഒരു ബിസിനസ് യാത്ര നടത്തി. അവിടെവച്ച് പരിചയപ്പെട്ട ഹമോഷ് രംഗനാഡവരു എന്ന ആർക്കിടെക്റ്റാണ് വീട്ടിൽ ഭാര്യയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യം പങ്കുവച്ചത്. ശ്രീനിവാസ മൂർത്തിക്ക് അത് ഇഷ്ടപ്പെട്ടു. അത് അനുസരിച്ചാണ് ലിംവിഗ് മുറിയിൽ ഭാര്യയുടെ പ്രതിമ സ്ഥാപിച്ചത്.

Story Highlights Statue, Karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top