Advertisement

ഇഐഎ കരട് വിജ്ഞാപനം ജനാധിപത്യവിരുദ്ധമെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ്

August 13, 2020
Google News 1 minute Read
jairam ramesh

ഇഐഎ സംബന്ധിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തിനെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കം വയ്ക്കുന്നതാണെന്ന് മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേശ്. ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവും പ്രകടമാക്കുന്ന കരടിനെതിരേ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഐഎ കരട് വിജ്ഞാപനം 2020 എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

പദ്ധതികളുടെ ഇരകളാകുന്നവര്‍ക്ക് പോലും പരാതിപ്പെടാന്‍ കഴിയില്ലെന്നാണ് കരട് വിജ്ഞാപനം പറയുന്നത്. വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ പാരിസ്ഥിതിക ലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയൂ. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുസമൂഹം, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കൊന്നും ഒരു റോളുമുണ്ടാകില്ല. ഇതുതന്നെയാണ് ജനാധിപത്യ വിരുദ്ധമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണം.

പൊതുജനങ്ങളില്‍ നിന്നും പരാതി കേള്‍ക്കുന്നതിനുള്ള സമയപരിധി കുറച്ചു. പദ്ധതികള്‍ തുടങ്ങിയ ശേഷം പാരിസ്ഥിതിക അനുമതി തേടിയാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. നിരവധി പദ്ധതികള്‍ ഇഐഎയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലങ്ങളില്‍ പാരിസ്ഥിതിക ആഘാത വിലരുത്തല്‍ സമിതികള്‍ രൂപീകരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇതെല്ലാം തന്നെ കരട് വിജ്ഞാപനത്തിന്റെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവവും പ്രകടമാക്കുന്നതാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതിന് എതിരെ കോണ്‍ഗ്രസിനും , നേതൃത്വത്തിനും കൃത്യമായ നിലപാട് ഉണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെ മറുന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അടിക്കടി അപ്രതീക്ഷിതമായി കേരളത്തിലുണ്ടാകുന്ന പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. അവസാന നിമിഷം വരെ വൈകിപ്പിച്ച് രാഷ്ട്രപാര്‍ട്ടികളുമായോ ജനപ്രതിനിധികളുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമാണ് സംസ്ഥാന സര്‍ക്കാര്‍ കരടിന്മേലുള്ള അഭിപ്രായം അറിയച്ചതെന്ന് വെബിനാറില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കരട് വിജ്ഞാപനം പ്രദേശിക ഭാഷയില്‍ പുറത്തിറക്കി എല്ലവരുടേയും അഭിപ്രായം കേട്ട ശേഷം വേണ്ട മാറ്റം വരുത്തണമെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കരട് വിജ്ഞാപനത്തിനെതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടാനുള്ള ശക്തമായ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആര്‍ജിഐഡിഎസിന്റെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ പറഞ്ഞു. വി.ഡി. സതീശന്‍ എംഎല്‍എ, റോജി എം. ജോണ്‍ എംഎല്‍എ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍, ആര്‍ജെഡിഎസ് ഡയറക്ടര്‍ ബി.എസ്. ഷിജു, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ കെ.ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും വെബിനാറില്‍ സംസാരിച്ചു.

Story Highlights eia draft 2020, jairam ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here