അറ്റലാന്റക്കെതിരെ 16 ഡ്രിബിളുകൾ; ‘പാരീസ് സുൽത്താൻ’ മെസിക്കൊപ്പം

ഇറ്റാലിയൻ ക്ലബ് അറ്റലാൻ്റക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ ജൂനിയർ ചെയ്തത് 16 ഡ്രിബിളുകൾ. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവുമധികം ഡ്രിബിളുകൾ എന്ന റെക്കോർഡാണ് ഇതോടെ നെയ്മർക്ക് സ്വന്തമായത്. സൂപ്പർ താരം ലയണൽ മെസി, മുൻ അർജൻ്റീന താരം ജാവിയർ സനേറ്റി എന്നിവർക്കൊപ്പം നെയ്മർ ഇപ്പോൾ റെക്കോർഡ് പങ്കിടുകയാണ്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയായിരുന്നു ലയണൽ മെസിയുടെ പ്രകടനം.
അസാമാന്യ പ്രകടനത്തോടെ നെയ്മർ 1995നു ശേഷം പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് സെമിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രകടന മികവ് നെയ്മറെ കളിയിലെ താരമാക്കുകയും ചെയ്തു.
ഏറെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ചാമ്പ്യന്മാർ കറുത്ത കുതിരകളായ അറ്റലാൻ്റയെ പരാജയപ്പെടുത്തിയത്. 89ആം മിനിട്ടു വരെ ഒരു ഗോളിനു പിന്നിട്ടു നിന്ന പിഎസ്ജി മൂന്നു മിനിട്ടിൽ രണ്ട് ഗോളടിച്ച് സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
Read Also : നെയ്മർ പിഎസ്ജിക്കൊപ്പം ചൈനയിലേക്ക്; പ്രീസീസൺ മത്സരങ്ങൾ കളിക്കും
27ആം മിനിട്ടിൽ മരിയോ പസലിച്ചിലൂടെ അറ്റലാൻ്റ്രെ മുന്നിലെത്തി. ഇടതടവില്ലാതെ പിഎസ്ജി അറ്റലാൻ്റാ ഗോൾമുഖം റെയ്ഡ് ചെയ്തെങ്കിലും അവർ വഴങ്ങിയില്ല. തുറന്ന ചില അവസരങ്ങൾ നെയ്മർ ഉൾപ്പെടെയുള്ള പിഎസ്ജി താരങ്ങൾ പാഴാക്കുകയും ചെയ്തതോടെ ഒരു അട്ടിമറി ഉറപ്പിച്ചു. ഒടുവിൽ, 90ആം മിനിട്ടിൽ മാർക്കീഞ്ഞ്യോസ് പിഎസ്ജിക്കായി സമനില ഗോൾ കണ്ടെത്തി. നെയ്മറുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. തൊട്ടുപിന്നാലെ നെയ്മറുടെ ത്രൂബോളിൽ നിന്ന് എംബാപ്പെ നൽകിയ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ചോപ്പോ മോട്ടിങ് പിഎസ്ജിയുടെ വിജയഗോളും നേടി.
Story Highlights – neymar dribbled 16 times vs atalanta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here