‘അവയവദാനം മഹാദാനം’; ഇന്ന് ലോക അവയവദാന ദിനം

ഇന്ന് ലോക അവയവദാന ദിനം. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി ‘അവയവദാനം മഹാദാനം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ ദിനം ആചരിക്കുന്നത്.
ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത് മൂലം പ്രതിവർഷം അഞ്ച് ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ ഓർഗൻ റിട്രീവൽ ബാങ്കിംഗ് ഓർഗനൈസേഷന്റെ കണക്ക്. മസ്തിഷ്‌കമരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവൻ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവരുന്നത്. ദശലക്ഷം പേരിൽ 0.6 ശതമാനം പേർ മാത്രമാണ് ഇന്ത്യയിൽ അവയവദാനത്തിന് തയാറാകുന്നതെന്നും ഒ ആർബിഒയുടെ കണക്കിൽ പറയുന്നു. കണക്കുകൾ പ്രകാരം ലോകത്തെത്തന്നെ ഏറ്റവും കുറവ് അവയവദാനം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വർഷത്തിൽ രണ്ട് ലക്ഷത്തോളം വൃക്ക മാറ്റിവെയ്ക്കൽ ആവശ്യമുള്ളിടത്ത് വെറും എണ്ണായിരം വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് നടക്കുന്നത്. അമ്പതിനായിരം കരൾ മാറ്റിവയ്ക്കൽ വേണ്ടിടത്ത് നടക്കുന്നത് 1,800ഓളം മാത്രം. രാജ്യത്ത് 15,000 ഹൃദയം മാറ്റിവയ്ക്കൽ വേണ്ടിടത്ത് 250 എണ്ണം മാത്രമാണ് നടക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ബന്ധുക്കൾ അവയവദാനത്തിന് മുൻകൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും ഇക്കാര്യത്തിൽ ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വരും വർഷങ്ങളിൽ അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർ.
Story Highlights – ‘Organ donation is a great donation’; Today is World Organ Donation Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here