ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതിപ്പട്ടികയിൽ സൂരജ് മാത്രം

ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ഭർത്താവ് സൂരജ് മാത്രമാണുള്ളത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്.

ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടിത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.

Read Also : ഉത്ര വധക്കേസ്; രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കുറ്റപത്രത്തിന് ആയിരത്തിലധികം പേജുണ്ട്. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാഞ്ഞത്. പ്രതിയെ അറസ്റ്റു ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ട് ഇവർക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.

അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മാർച്ച് മാസത്തിൽ ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ചും യുവതിക്ക് പാമ്പുകടിയേറ്റിരുന്നു. ഇതും ദുരൂഹത വർധിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു.

Story Highlights uhtra murder case, charge sheet submitted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top