ആരാണ് മലയാളികൾ അന്വേഷിക്കുന്ന ഡൂഡിൽ മുനി?

ഡൂഡിൽ മുനി എന്ന പേരിൽ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വരകൾ. മലയാളികൾ അതിനെ നെഞ്ചോട് ചേർത്തു. സ്‌നേഹത്തിന്റെ സ്‌മൈലികൾ കൊണ്ട് പൊതിഞ്ഞു. എന്നാൽ പേര് പോലും അറിയാത്ത ഒരു കലാകാരനെ തേടിയുള്ള യാത്രയിലായിരുന്നു സൈബർ ലോകം.

Read Also : ‘ഞാൻ പ്രാർത്ഥിക്കുന്നു, നീ തിരിച്ചു വരും’ പ്രിയപ്പെട്ട ബാലുവിനായി ഇളയരാജ

സമൂഹമാധ്യമങ്ങളിൽ ഡൂഡിൽ മുനി എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കലാകാരൻ ആരാണെന്ന ആകാംക്ഷയ്ക്ക് വിരാമം. ആ കലാകാരൻ ഒടുവിൽ മറനീക്കി പുറത്തുവന്നിരിക്കുന്നു. കോഴിക്കോട്ടുകാരനായ ആരോഷ് തേവടത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഡൂഡിൽ മുനി.

ഡൂഡിൽ മുനിയുടെ വരകൾ പലപ്പോഴും ചിരിക്കാനുള്ളതിനപ്പുറം ചിന്തിക്കാനുള്ളവയായിരുന്നു. പരിഭവങ്ങളും പരാതികളും നിറഞ്ഞ മനോഹര ഗർഭകാലത്തെക്കുറിച്ചുള്ള ആരോഷ് തേവടത്തിൽ എന്ന ഡൂഡിൽ മുനിയുടെ വരയാണ് അതിൽ ഏറ്റവും പ്രധാനം.

‘നിങ്ങൾ കണ്ടത് എന്റെ മകൾ ജാനകി പിറക്കുന്നത് വരെയുള്ള വരകൾ’ എന്ന കുറിപ്പോടെയായിരുന്നു ആരോഷ് ഫേസ്ബുക്കിൽ ഈ വരകൾ പങ്കുവെച്ചത്. കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്ന നിമിഷം മുതൽ ഭാര്യയുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾക്കായുള്ള നെട്ടോട്ടം വരെ, ആരോഷിന്റെ വരയിൽ വിരിഞ്ഞതെല്ലാം അതിമനോഹരം.

കൊവിഡും ഇഐഎയും തുടങ്ങി സമൂഹത്തെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും ഡൂഡിൽ മുനിയുടെ ക്യാൻവാസിൽ വിരിയാറുണ്ട്. എന്തായാലും ഫേസ്ബുക്ക് വാളിനപ്പുറം മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് ആരോഷും കുടുംബവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top