തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണ്ണം; ഇന്ന് 462 പേര്‍ക്ക് കൊവിഡ്

covid 19, coronavirus, trivandrum

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണ്ണമായി തുടരുന്നു. ജില്ലയിലിന്ന് 461 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് രോഗികളുടെ എണ്ണം 477 ആയി.

തലസ്ഥാന ജില്ലയിലെ കൊവിഡ് ആശങ്ക ദിനംപ്രതി വര്‍ധിക്കുകയാണ്. തീരമേഖലയ്ക്ക് പുറമെ ഗ്രാമീണ മലയോര മേഖലയിലും അതിര്‍ത്തി മേഖലയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല, അമരവിള, ധനുവച്ചപുരം തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസേനെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ബാലരാമപുരത്ത് 7 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം വര്‍ധിക്കുന്ന മലയോര ഗ്രാമീണ മേഖലയായ കള്ളിക്കാട് പഞ്ചായത്തില്‍ ഇന്നും ആറ് പേരുടെ പരിശോധന ഫലം പോസിറ്റീവായി.

തമിഴ്‌നാട് സ്വദേശിയായ വിജയ, കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ എന്നിവര്‍ ജില്ലയിലിന്ന് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ്, പാറശാല സ്വദേശി സെല്‍വരാജ്, പുന്തറ സ്വദേശിനി സിലുവാമ്മ എന്നിവരുടെ പരിശോധന ഫലം പോസിറ്റീവായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മത്സ്യവില്പനയില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തീരമേഖലയായ അഞ്ചുതെങ്ങില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. മാമ്പള്ളിയില്‍ തീരദേശ റോഡ് ഉപരോധിച്ചു. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യം ഉണ്ടായാല്‍,ഒരാഴ്ചക്കു ശേഷം,മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് അഞ്ചുതെങ്ങിന് പുറത്തു പോയി മത്സ്യം വില്‍ക്കാന്‍ അനുവാദം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Story Highlights covid 19, coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top