കൊവിഡിനെതിരെ മനുഷ്യന്റെ യുദ്ധം; രക്തസാക്ഷിയായി മരിച്ചാലും പിന്നോട്ടില്ലെന്ന് ഡോക്ടർ; ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കൊവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ യുദ്ധത്തോട് ഉപമിച്ച് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. കൊച്ചി വിപിഎസ് ലേക്ക് ഷോർ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുദ്ധം ചെയ്യാൻ പടച്ചട്ടയായി മാസ്‌ക് ധരിക്കണണമെന്ന് ഓർമപ്പെടുത്തിയാണ് അദ്ദേഹം കുറിപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. ഈ യുദ്ധം നമ്മൾ ജയിക്കും.

Read Also : കൊവിഡിൽ കഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി; ഒടുവിൽ കൊവിഡ് ബാധിച്ച് മരണത്തിലേക്ക്

തോൽക്കാൻ നിന്ന് കൊടുക്കരുത്. യുദ്ധമുഖത്ത് മുന്നിൽ തന്നെ ഡോക്ടർമാരുണ്ടെന്നും കൊവിഡിന്റെ രക്തസാക്ഷികളായാലും അവസാന ജീവൻ രക്ഷിക്കുന്നത് വരെ മുന്നണി പോരാളികളായി കാണുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിന് പുറത്ത് ഒരുപാട് സഹപ്രവർത്തകർ യുദ്ധമുഖത്ത് മരിച്ചുവീഴുമ്പോഴുള്ള വേദനയും അദ്ദേഹം പങ്കുവച്ചു. കൊവിഡ് വൈറസിനെ കീഴടക്കും വരെ യുദ്ധമുഖത്ത് മാസ്‌ക് സംരക്ഷണ കവചമണിയണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

കുറിപ്പ് ഇങ്ങനെ,

കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞ് തന്നൊരു ഉപദേശമുണ്ട്. ജീവിതത്തിൽ ഒരിക്കലും മുഖംമൂടി അണിയരുതെന്ന് [സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ജീവിക്കരുതെന്ന്]. അച്ഛൻ ചൂണ്ടിക്കാണിച്ചു തന്ന വഴിയിൽ നാട്യമോ, കാപട്യമോ ഇല്ലാതെയാണ് ഇതുവരെ ജീവിച്ചത്. ഇന്ന് പുറത്തിറങ്ങിയാൽ മുഖം മറച്ച മനുഷ്യനെ മാത്രമേ കാണാനാകൂ. ദരിദ്രനും സമ്പന്നനും വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും ഓഫീസിലും തൊടിയിലും പണിയെടുക്കുന്നവനും ഒരേ പോലെ മാസ്‌ക് ധരിച്ച് നടക്കുന്ന നാട് [മനുഷ്യനെ യൂണിഫോമിലാക്കിയ കൊവിഡ് കാലം]. കൊവിഡ് വൈറസിനോട് യുദ്ധം ചെയ്യാൻ പടച്ചട്ടയായി മാസ്‌ക് ധരിച്ച മനുഷ്യൻ. ഈ യുദ്ധം നമ്മൾ ജയിക്കും. തോൽക്കാൻ നിന്ന് കൊടുക്കരുത്. യുദ്ധമുഖത്ത് മുന്നിൽ തന്നെയുണ്ട് ഞങ്ങൾ ഡോക്ടർമാർ. ഈ യുദ്ധം ജയിക്കാൻ വർഷങ്ങൾക്കിപ്പുറം അച്ഛന്റെ ഉപദേശം തള്ളിക്കളയേണ്ടി വന്നു. മുഖാവരണവുമായാണ് യുദ്ധമുഖത്ത് നിൽക്കുന്നത്. കൊവിഡിന്റെ രക്തസാക്ഷികളായാലും അവസാന ജീവൻ രക്ഷിക്കുന്നത് വരെ മുന്നണി പോരാളികളായി ഞങ്ങളുണ്ട്. കേരളത്തിന് പുറത്ത് ഒരുപാട് സഹപ്രവർത്തകർ യുദ്ധമുഖത്ത് മരിച്ചുവീഴുമ്പോൾ ഉള്ളു പിടയുകയാണ്. പക്ഷെ ഈ പോരാട്ടത്തിൽ പതറുകയില്ല ഞങ്ങൾ. ഇവിടെ കീഴടങ്ങിയാൽ ലോകം തന്നെ തോറ്റു പോകാം. കൊവിഡ് വൈറസിനെ കീഴടക്കും വരെ പോർക്കളത്തിൽ മാസ്‌ക് എന്ന സംരക്ഷണ കവചമണിയാം. അതൊരു ശീലമാക്കാം.

മനുഷ്യൻ ഇന്നലെ വരെ ജീവിച്ച പോലെയല്ല ഇന്ന് ജീവിക്കുന്നത്. മാസ്‌കും സാനിട്ടൈസറും ഒക്കെ ഇന്ന് മനുഷ്യരുടെ ഒഴിച്ച് കൂടാനാകാത്ത നിത്യോപയോഗ സാധനങ്ങളായിരിക്കുന്നു, അല്ല പടച്ചട്ടയായിരിക്കുന്നു. കൊവിഡ് വൈറസ് എന്ന ശത്രു പതിയിരിക്കുന്നുണ്ട്, സംരക്ഷണ കവചമില്ലാതെ വീടിന് പുറത്ത് പോലും ഇറങ്ങിയാൽ അവൻ ചാടിവീഴും. ആ വൈറസിനെ തോൽപ്പിക്കാനുള്ള ആയുധം പണിപ്പുരയിലുണ്ട്. അത് എത്തുംവരെ സ്വയം കവചമൊരുക്കുകയാണ് വേണ്ടത്.

ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒളിയാക്രമണം നടത്തുന്നതാണ് കൊവിഡിന്റെ രീതി. അതിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കുന്നുണ്ട് നാം. ഇതായായിരുന്നു
മനുഷ്യൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആഘോഷങ്ങളും കൂടിച്ചേരലുകളും പെരുന്നാളുകളും ഒക്കെയായി ജീവിച്ചവർ നാലു മതിൽക്കെട്ടിനുള്ളിൽ ചുരുങ്ങി. പുതിയ ജീവിത ക്രമവുമായി മനുഷ്യൻ പൊരുത്തപെടുകയാണ്. ജീവിതത്തിൽ എല്ലാം വെട്ടിപിടിക്കുന്നതിനും സ്വന്തമാക്കുന്നതിനുമുള്ളനെട്ടോട്ടത്തിലായിരുന്നു നാം. എന്നാൽ കൊവിഡ് മഹാമാരി താണ്ഡവം ആടാൻ തുടങ്ങിയതോടെ സ്വയം ജീവൻ രക്ഷിക്കാനുള്ള കഷ്ടപാടിലാണ് ഇപ്പോൾ.

ഈ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ഒട്ടനവധി ജീവനുകളുണ്ട്. ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിലമർന്ന ഒരുപാട് മനുഷ്യർ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പണമില്ലാതെ അലഞ്ഞ കുട്ടികൾ, ക്വാറന്റീനിൽ സമാനതകളില്ലാതെ ഒറ്റപ്പെടലുകൾ അനുഭവിച്ചവർ. ആധുനിക കാലഘട്ടത്തിൽ ഇല്ലായ്മ അറിഞ്ഞിട്ടില്ലാത്ത മനുഷ്യൻ ഇല്ലായ്മകൾക്ക് നടുവിലാണിപ്പോൾ. കുടുംബ ബന്ധങ്ങൾ നാലു മതിൽക്കെട്ടിനുള്ളിൽ, സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം, കുട്ടികളുടെ വിനോദങ്ങൾ ഓൺലൈൻ ഗെയിമുകളിൽ… അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഇല്ലായ്മകൾ.
അതിലുപുറം തൊഴിൽ നഷ്ടപ്പെടുന്ന യുവത്വം, പട്ടിണി കാലത്തെ ഓർമപ്പെടുത്തുന്ന ബാല്യങ്ങൾ…

പക്ഷെ നമുക്ക് ഇതെല്ലാം തിരിച്ചു പിടിക്കണം. സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും ഒത്തുചേരലും സിനിമയും വിനോദവും സമൃദ്ധിയും തൊഴിലും എല്ലാമുള്ള കാലത്തേയ്ക്ക് തിരികെ നടക്കണം. ആ ലക്ഷ്യത്തിലേയ്ക്ക് എത്താൻ നമ്മുടെ ചില ശീലങ്ങൾ പുറന്തള്ളിയേ മതിയാകൂ. മാളുകൾ, തിയറ്ററുകൾ, ഷോപ്പിംഗ് കോംപ്ലെക്‌സുകൾ, മെട്രോ ട്രെയിനുകൾ എല്ലാം കുറച്ചുനാളുകൂടി മറക്കാം. കൊവിഡ് വൈറസ് മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് ഒന്നിച്ച് പൊരുതാം.

രക്തസാക്ഷിയായാലും കോവിഡിനെതിരെ മരണംവരെ പൊരുതുംകുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞ് തന്നൊരു ഉപദേശമുണ്ട്. ജീവിതത്തിൽ ഒരിക്കലും…

Posted by Dr Arun Oommen on Saturday, August 15, 2020
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top