സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് 3 തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2017ലും 2018 ൽ രണ്ട് തവണയുമാണ് വിദേശയാത്ര നടത്തിയത്.
2017 ഏപ്രിലിൽ സ്വപ്നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2018 ഏപ്രിലിൽ ഒമാൻ യാത്ര ചെയ്ത ശിവശങ്കർ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തിനിടയിലും ഇരുവരും കണ്ടുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചതായും എൻഫോഴ്‌സ്‌മെന്റ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ പലതിലും അവ്യക്തത ഉണ്ടായിരുന്നു. ഇതേ തുടർന്ന് അടുത്ത ശനിയാഴ്ചയ്ക്കുള്ളിൽ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഒരിക്കൽ കൂടി ചോദ്യം ചെയ്‌തേക്കും.
Story Highlights – M Shivashankar, Swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here