സഞ്ജു മുംബൈയിലെത്തി; ഉടൻ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കും

രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസൺ മുംബൈയിലെത്തി. ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടി ആയാണ് താരം മുംബൈയിലെത്തിയത്. വരുന്ന ദിവസങ്ങളിൽ മറ്റ് ടീം അംഗങ്ങളും മുംബൈയിൽ എത്തും. തുടർന്ന് എല്ലാവരുമായി യുഎഇയിലേക്ക് തിരിക്കാനാണ് രാജസ്ഥാൻ്റെ തീരുമാനം. മറ്റ് ഐപിഎൽ ടീമുകളും ഈ ആഴ്ചയിൽ തന്നെ യുഎഇയിലെത്തും.
Read Also : രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് പരിശീലകന് കൊവിഡ്
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൻ്റെ ഫീൽഡിംഗ് പരിശീലകൻ ദിശാന്ത് യാഗ്നിക്കിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. റോയൽസിൻ്റെ മുൻ വിക്കറ്റ് കീപ്പർ കൂടിയായ ദിശാന്തിന് ബുധനാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐപിഎല്ലിനു വേണ്ടി യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ദിശാന്തിന് കൊവിഡ് പോസിറ്റീവായത്. ഐപിഎല്ലുമായി ബന്ധപ്പെട്ട ആദ്യ കൊവിഡ് കേസായിരുന്നു ഇത്.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Read Also : 10 സെക്കൻഡ് പരസ്യത്തിന് 10 ലക്ഷം രൂപ; ഐപിഎല്ലിൽ പണം കൊയ്യാനൊരുങ്ങി സ്റ്റാർ
സീസണിൽ ടൈറ്റിൽ സ്പോൺസറായ വിവോ ഐപിഎലിനൊപ്പം ഉണ്ടാവില്ല. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല.
Story Highlights – sanju samson reached mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here